

സി. ദിവാകരൻ
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
മുഖ‍്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ രൂക്ഷ വിമർശനവും നടത്തിയ പശ്ചാത്തലത്തിലാണ് പാർട്ടി നടപടി. സെപ്റ്റംബർ 17ന് ചേർന്ന സംസ്ഥാന എക്സ്ക‍്യൂട്ടിവ് യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. ദിവാകരന്‍റെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടിയുണ്ടാകുക.
പാർട്ടിയുടെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി പരസ‍്യ പ്രസ്താവനകൾ നടത്തുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തങ്ങളെയെല്ലാം നിയമസഭയിൽ വെള്ളംകുടിപ്പിച്ച നേതാവാണ് വി.ഡി. സതീശനെന്നും നൂറ് ദിവസങ്ങൾകൊണ്ട് കേരളത്തിന്‍റെ താത്പര‍്യം സതീശന്‍റെ കൈയിൽ ഭദ്രമാണെന്ന് തെളിയിച്ചുവെന്നും ദിവാകരൻ പറഞ്ഞിരുന്നു.
ഉപനേതൃപദവി തർക്കത്തിൽ പിണറായി വിജയനെതിരേ പരസ‍്യമായി ദിവാകരൻ രംഗത്തെത്തിയിരുന്നു. സിപിഐയ്ക്ക് പദവിയില്ലെന്നു പറയാൻ പിണറായി ആരാണെന്നും പദവി തരില്ലെന്ന് പറയാൻ പിണായിക്ക് എന്ത് കാര‍്യമെന്നും മുന്നണിയെ മുന്നോട്ടുകൊണ്ടു പോകേണ്ടത് സിപിഎം ആണെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ പാർട്ടി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.