വയനാട്ടിൽ ആനി രാജ, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍; ലോക്സഭാ തെരഞ്ഞെടുപ്പ് സാധ്യതാ പട്ടിക പുറത്തു വിട്ട് സിപിഐ

തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നേരത്തെ വന്നിരുന്നു
ആനി രാജ
ആനി രാജfile

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ, മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാര്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.

ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ നേതൃയോഗത്തിലാണ് ധാരണ. 10, 11 തീയതികളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനമാകും. തിരുവനന്തപുരത്ത് ബിനോയ് വിശ്വത്തിന്‍റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായ സാഹചര്യത്തിലാണ് 2004ലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനിലേക്ക് സാധ്യത എത്തുന്നത്. എന്നാൽ, മത്സരിക്കാനില്ലെന്ന നിലപാടിലാണ് പന്ന്യൻ. അദ്ദേഹം സന്നദ്ധനായില്ലെങ്കില്‍ മന്ത്രി ജി.ആര്‍. അനിലിന്‍റെ പേരിനും മുന്‍തൂക്കമുണ്ട്.

ഡോ. ശശി തരൂര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. ഈ സാഹചര്യത്തില്‍ മുതിർന്ന നേതാവിനെ തിരുവനന്തപുരത്ത് ഇറക്കണെമന്നാണ് സിപിഐ നിലപാട്. സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കുന്ന മത്സരം നടക്കുന്ന തൃശൂരില്‍ മുന്‍ മന്ത്രി കൂടിയായ വി.എസ്. സുനില്‍കുമാറിനെ ഇറക്കി നല്ല മത്സരത്തിനാണു സിപിഐയുടെ ശ്രമം. സുനില്‍കുമാര്‍ നേരത്തേ തൃശൂരില്‍ നിന്നും കൈപ്പമംഗലത്തുനിന്നും പഴയ ചേര്‍പ്പ് മണ്ഡലത്തിൽ നിന്നും എംഎല്‍എയായിട്ടുണ്ട്. സിറ്റിങ് എംപിയായ ടി.എന്‍. പ്രതാപന്‍ തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ രാജ്യസഭാ എംപി കൂടിയായ നടന്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ സിപിഐ വിമര്‍ശിക്കുന്നതിനിടെയാണ് ദേശീയ നേതാവ് ആനി രാജയെ അവിടെ ഇറക്കാനുള്ള ഒരുക്കുങ്ങള്‍ നടക്കുന്നത്. രാഹുല്‍ വീണ്ടും വയനാട്ടിൽ എത്തിയാല്‍ ഇന്ത്യ മുന്നണിക്കും നിര്‍ണായക മത്സരമാകും നടക്കുക.

15 സീറ്റില്‍ സിപിഎമ്മും 4 സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും മത്സരിക്കാനാണ് ഇടതു മുന്നണിയിലെ ധാരണ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈ മാസം പകുതിയോടെ അന്തിമ തീരുമാനത്തിലെത്താനാണ് മുന്നണി തീരുമാനം.

Trending

No stories found.

Latest News

No stories found.