കേരളവർമ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ വിവാദം: സിപിഎമ്മിന് അതൃപ്തി

''ടാബുലേഷൻ ഷീറ്റ് നോക്കി പരിശോധിക്കുന്നതിന് പകരം, റീ കൗണ്ടിങ് ആവശ്യപ്പെട്ടത് അനാവശ്യ വിവാദത്തിനിടയാക്കി''
Representative Image
Representative Image

തൃശൂർ: ശ്രീ കേരളവർമയിൽ യൂണിയൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായുണ്ടായ വിവാദത്തിൽ സി.പി.എമ്മിന് കടുത്ത അതൃപ്തി. വിവാദമില്ലാതെ പരിഹരിക്കേണ്ട വിഷയത്തിൽ ഉത്തരവാദപ്പെട്ടവർക്കുണ്ടായ വീഴ്ചയാണ് പാർട്ടിയെ പോലും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ എത്തിച്ചതെന്ന വിമർശനമാണ് നേതാക്കൾ ഉയർത്തുന്നത്. എസ്എഫ്ഐയുടെ ജില്ലാ നേതൃത്വത്തെയും കേരളവർമ കോളേജിന്‍റെ ചുമതലയുള്ള നേതാക്കളെയും പാർട്ടി നേതാക്കൾ ജില്ലാ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി തന്നെ അതൃപ്തി അറിയിച്ചു.

ചെങ്കോട്ടയായി അറിയപ്പെടുന്ന കേരളവർമയിൽ കെ.എസ്.യുവിന്‍റെ ചെയർമാൻ സ്ഥാനാർഥിക്ക് എസ്.എഫ്.ഐ അനുഭാവമുള്ളവരുടെയടക്കം വോട്ടുകൾ ചോർന്നതിലും നേതൃത്വം വിമർശനമുന്നയിച്ചു. വോട്ടെണ്ണൽ പൂർത്തിയായി ടാബുലേഷൻ ഷീറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തി തുടർ നടപടികളിലേക്ക് കടക്കുന്നതിന് പകരം ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാർഥി വിജയിച്ചുവെന്ന പ്രചരണം ഉയർന്ന ഉടനെ തന്നെ റീ കൗണ്ടിങ് ആവശ്യപ്പെട്ടതാണ് അനാവശ്യ വിവാദത്തിന് ഇടയാക്കിയത്. റീ കൗണ്ടിങ്ങിനിടെയാണ് രണ്ട് തവണയായി വൈദ്യുതി വിതരണം തടസപ്പെട്ടതിൻറെയും, കോളേജ് മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇടപെടലുമടക്കമുള്ള കോൺഗ്രസ് ആരോപണങ്ങൾക്ക് വഴിയൊരുക്കിയത്. 41 വർഷമായി എസ്.എഫ്.ഐയുടെ ഉരുക്കുകോട്ടയായിരുന്ന കേരളവർമ കോളേജിൽ കെ.എസ്.യുവിൻറെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചുവെന്ന വിവരം പുറത്ത് വന്നത് മാധ്യമങ്ങൾ വൻ പ്രചാരം നൽകിയതോടെ സി.പി.എം ജില്ലാ ആസ്ഥാനത്തേക്ക് നേതാക്കളെത്തി. കേരളവർമ കോളെജിൽ എസ്എഫ്ഐക്കുണ്ടാവുന്ന നേരിയ തിരിച്ചടി പോലും പാർട്ടിക്ക് കനത്ത തിരിച്ചടിയാണെന്നിരിക്കെ ചെയർമാൻ സ്ഥാനത്തെ വിജയത്തെ കുറിച്ച് തമാശയിൽ പോലും കാണാനാവാത്തതാണ്.

ടാബുലേഷൻ ഷീറ്റിൽ ആദ്യ എണ്ണലിൽ തന്നെ ഒരു വോട്ടിന് മാത്രമാണ് എസ്എഫ്ഐ സ്ഥാനാർഥിയുടെ വിജയമെന്നും പാർട്ടി കേന്ദ്രത്തെ ഞെട്ടിച്ചിരിക്കുകയാണ്. കെഎസ്‌യു ഉയർത്തുന്ന വാദങ്ങളെ പാടെ നിരാകരിക്കുന്നതാണ് റിട്ടേണിങ് ഓഫീസർ പ്രിൻസിപ്പലിന് കൈമാറിയ വോട്ടുകളുടെ ബൂത്ത്‌ തിരിച്ചുള്ള കണക്ക്‌ ഉൾപ്പെടുന്ന ടാബുലേഷൻ ഷീറ്റിലുള്ളത്. ശ്രീക്കുട്ടന് 896 വോട്ടും എസ്‌.എഫ്‌.ഐ സ്ഥാനാർഥി കെ.എസ്‌ അനിരുദ്ധന്‌ 895 വോട്ടുമാണ് ലഭിച്ചതെന്നും ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ശ്രീകുട്ടൻ വിജയിച്ചുവെന്നുമായിരുന്നു പ്രചരിപ്പിച്ചത്. ടാബുലേഷൻ ലിസ്റ്റ് അനുസരിച്ച് അനിരുദ്ധന്‌ 897 വോട്ടും ശ്രീക്കുട്ടന്‌ 896 വോട്ടുമാണ്‌ ലഭിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ തെറ്റായ വിവരം വിദ്യാർഥികളിലേക്ക് പ്രചരിപ്പിക്കുകയായിരുന്നു. വോട്ടെണ്ണാൻ ഇരുന്നിരുന്ന അധ്യാപക സംഘടനാ നേതാക്കൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

41 വർഷത്തിന് ശേഷം തൃശൂർ കേരളവർമ കോളെജിൽ ജനറൽ സീറ്റിൽ അതും ചെയർമാൻ സ്ഥാനത്ത് കെഎസ്‌യു സ്ഥാനാർഥിക്ക് വിജയമുണ്ടാകുന്നത് ആഘോഷിക്കേണ്ടതായതിനാൽ വൻ ആഹ്ളാദം തന്നെ നടത്തി. ഇതോടെ ടാബുലേഷൻ ലിസ്റ്റ് പരിശോധിക്കാതെ എസ്എഫ്ഐ ആകട്ടെ റീ കൗണ്ടിങ് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസറെ സമീപിക്കുകയായിരുന്നു. ഇതോടെ രാത്രി വൈകി റീ കൗണ്ടിങ് പൂർത്തിയാക്കി. റീ കൗണ്ടിങ്ങിൽ എസ്‌.എഫ്‌.ഐക്ക്‌ 899 വോട്ടും കെ.എസ്‌.യുവിന്‌ 889 വോട്ടും ലഭിച്ചു. പത്ത്‌ വോട്ടിന്‌ കെ.എസ്‌ അനിരുദ്ധൻ വിജയിച്ചു. 18 വോട്ട്‌ നോട്ടക്ക്‌ ലഭിച്ചപ്പോൾ 27 വോട്ട്‌ അസാധുവാകുകയും ചെയ്‌തു.

റീ കൗണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണത്തിലൂടെ എസ്എഫ്ഐക്കെതിരേ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നത് സിപിഎമ്മിനെ ലക്ഷ്യമിട്ടാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുതൽ പ്രദേശിക നേതാക്കൾ വരെയുള്ളവർ കിട്ടിയ ആയുധമായി രംഗത്തിറങ്ങി. എന്നാൽ ഇക്കാര്യത്തിലാവട്ടെ പരസ്യ പ്രതികരണത്തിലേക്ക് പോകാതെ എസ്.എഫ്.ഐക്കാർക്ക് പണി നൽകാനാണ് പാർട്ടി ആലോചന. അടുത്ത ദിവസം തന്നെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി വിളിച്ചു ചേർക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com