

യുഡിഎഫ് സ്ഥാനാർഥിയെയും ഏജന്‍റിനെയും സിപിഎം ആക്രമിച്ചതായി പരാതി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട് ഉൾപ്പെടുന്ന വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16 ൽ മത്സരിച്ച ഷീനയെ സിപിഎം പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഷീനയുടെ ചീഫ് ഇലക്ഷൻ ഏജന്‍റ് മമ്പറം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയും, കെഎസ്എസ്പിഎ നേതാവുമായ റിട്ട.അധ്യാപകൻ നരേന്ദ്രബാബു മാസ്റ്റർക്കും ആക്രമണത്തിൽ പരിക്കേറ്റു. നരേന്ദ്രബാബു മാസ്റ്റർ നടത്തുന്ന ജനസേവന കേന്ദ്രത്തിൽവെച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി സംഘം മുഖംമൂടി ധരിച്ചാണ് എത്തിയത്. സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട അക്രമികൾ നരേന്ദ്ര ബാബുവിനെ ക്രൂരമായി മര്‍ദിച്ചു.
കംപ്യൂട്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചു. നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മര്‍ദിച്ചു. സ്ഥാനാര്‍ഥിയായ ഷീനയെയും മര്‍ദിച്ചു. ജീവനക്കാരി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നു. അവര്‍ ഒച്ചവെച്ചതോടെ ആളുകള്‍ ഓടിയെത്തിയപ്പോഴാന്‍റ് അക്രമി സംഘം പോയത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പിണറായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിൽ പലയിടങ്ങളിലും ബൂത്ത് ഏജന്‍റുമാര്‍ക്കും അതുപോലെ സ്ഥാനാര്‍ഥികള്‍ക്ക് നേരെയും സിപിഎമ്മിന്‍റെ അതിക്രമങ്ങള്‍ ഉണ്ടായി എന്ന പരാതി പുറത്തുവന്നിരുന്നു.