രാജ്യസഭാ സീറ്റ് വിട്ടു നൽകി സിപിഎം; സിപിഐക്കും കേരള കോൺഗ്രസിനും സീറ്റ്

സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭാ സീറ്റ് ലഭിച്ചത്
cpm compromise to rajya sabha seat cpi and kerala congress got seat
cpm flag
Updated on

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് എൽഡിഎഫിൽ നിന്ന് സിപിഐയും കേരള കോൺഗ്രസും മത്സരിക്കും. യുഡിഎഫ് സീറ്റ് മുസ്‌ലിം ലീഗിനാണ്. 13 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് എൽഡിഎഫിൽ സീറ്റ് ധാരണ ഉണ്ടായത്. ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം) എന്നിവരാണ് കാലാവധി പൂർത്തിയാക്കിയ എംപിമാർ. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് 2 പേരെയും യുഡിഎഫിന് ഒരാളെയും രാജ്യസഭയിലേക്ക് ജയിപ്പിക്കാം.

ഒരു സീറ്റിൽ സിപിഎം മത്സരിക്കാനും രണ്ടാമത്തെ സീറ്റ് സിപിഐക്കോ കേരള കോൺഗ്രസിനോ നൽകാനുമായിരുന്നു നീക്കം. എന്നാൽ സിപിഐയും കേരള കോൺഗ്രസും ഒരുപോലെ സീറ്റിനായി അവകാശവാദം ഉന്നയിച്ചത് സിപിഎമ്മിനെ സമ്മർദത്തിലാക്കി. അതിനിടെ സീറ്റിന് അവകാശമുന്നയിച്ച് എം.വി. ശ്രേയാംസ് കുമാറിന്‍റെ ആർജെഡിയും രംഗത്തെത്തി. തങ്ങൾ സീറ്റുമായാണ് മുന്നണിയിലെത്തിയതെന്നും അത് പരിഗണിക്കണമെന്നുമായിരുന്നു ആർജെഡിയുടെ ആവശ്യം. രാജ്യസഭാ സീറ്റ് നിരാകരിച്ചാൽ കേരള കോൺഗ്രസ് മുന്നണി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മൂന്ന് ഘടകകക്ഷികളിൽ രണ്ടു പേരെയെങ്കിലും പിണക്കാതിരിക്കാൻ ഒടുവിൽ സിപിഎം സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു.

പി.പി. സുനീറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാർഥി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സുനീറിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊന്നാനി സ്വദേശിയായ സുനീർ നിലവിൽ സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയും ഭവന നിർമാണ ബോർഡ് ചെയർമാനുമാണ്. കേരള കോൺഗ്രസ് (എം) ജോസ് കെ. മാണിയെ മത്സരിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതി അഭിഭാഷകൻ ഹാരീസ് ബീരാനെ മത്സരിപ്പിക്കാനാണ് മുസ്‌ലിം ലീഗിന്‍റെ തീരുമാനം. മുന്‍ അഡീഷണല്‍ അഡ്ക്കേറ്റ് ജനറല്‍ വി.കെ. ബീരാന്‍റെയും കാലടി ശ്രീശങ്കരാചാര്യ കോളെജിലെ മുന്‍ പ്രൊഫസര്‍ ടി.കെ. സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com