ഗണേഷ് കുമാർ ഇടപെട്ടു; മുന്നാക്ക കോർപറേഷൻ തിരിച്ചു നല്‍കാന്‍ സര്‍ക്കാർ

രണ്ടര വർഷം തികയുമ്പോൾ കെ.ബി. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം ഉറപ്പു നൽകിയിരുന്നു. ആന്‍റണി രാജുവിന് പകരക്കാരനായാണ് ഗണേഷ്കുമാർ മന്ത്രിസഭയിലെത്തേണ്ടത്
കെ. ബി. ഗണേഷ് കുമാർ | പിണറായി വിജയൻ
കെ. ബി. ഗണേഷ് കുമാർ | പിണറായി വിജയൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) യുടെ ചുമതലയിലുള്ള സമുദായ കോർപ്പറേഷൻ ചെർമാൻ സ്ഥാനം ഏറ്റെടുക്കുന്ന സിപിഎം നടപടി മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി) യുടെ ഭാഗത്തു നിന്നുമുണ്ടായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര നടപടി. പുതിയ ഉത്തരവ് പുറത്തിറക്കും.

കേരള കോൺഗ്രസ് (ബി) നേതാവും എംഎൽഎയുമായി കെ. ബി. ഗണേഷ്കുമാർ മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറുമായി നടത്തിയ ചർച്ചക്കു പിന്നാലെയാണ് നടപടി മരവിപ്പിക്കാനുള്ള സർക്കാർ നടപടി. സാങ്കേതിക പിഴവിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്നായിരുന്നു ഗണേഷ്കുമാറിന്‍റെ പ്രതികരണം. കെ.ജി. പ്രേംജിത്തിനെ ചെയർമാനാക്കി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജി. പ്രേംജിത്തിനെ നീക്കി ചെയർമാനായി സിപിഎം നോമിനി എം. രാജഗോപാലൻ നായരെ നിയമിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കീഴിലുള്ള പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിരുന്നത്. കോർപറേഷൻ ഭരണസമിതിയും ഇന്നലെ ഉത്തരവിലൂടെ പുനഃസംഘടിപ്പിച്ചിരുന്നു.

മന്ത്രിസ്ഥാനം ലഭിക്കാത്ത കേരള കോൺഗ്രസ് (ബി) വിഭാഗത്തിനു നൽകിയ സുപ്രധാന വകുപ്പായിരുന്നു ഇത്. കേരള കോൺഗ്രസ് ഇടതു മുന്നണിയുടെ ഭാഗമായപ്പോൾ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നൽകി മുന്നാക്ക കോർപറേഷൻ ചെയർമാനാക്കിയിരുന്നു. രണ്ടര വർഷം തികയുമ്പോൾ കെ.ബി. ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം ഉറപ്പു നൽകിയിരുന്നു. ആന്‍റണി രാജുവിന് പകരക്കാരനായാണ് ഗണേഷ്കുമാർ മന്ത്രിസഭയിലെത്തേണ്ടത്. പ്രതിഷേധം മുന്നണിയോഗത്തിൽ ഉന്നയിക്കാനാണ് കേരള കോൺഗ്രസ് (ബി) തീരുമാനം.

മുന്നണിയിലെ ധാരണ പ്രകാരം രണ്ടുമാസത്തിനകം ഗണേഷ്കുമാറിന് മന്ത്രി സ്ഥാനം നൽകേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഉത്തരവ് പുറത്തു വന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com