
പാലക്കാട്: ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ‍്യത്തിലാണെന്ന് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നിരോധന കാലത്ത് സിപിഎം കേന്ദ്ര നേതൃത്വം എടുത്ത നിലപാട് ഒരു സംഘടനയെയും നിരോധിക്കേണ്ട ആവശ‍്യമില്ലെന്നായിരുന്നുവെന്നും. പത്തനംതിട്ട മുനിസിപ്പാലിറ്റി, ഷൊർണൂർ മുനിസിപ്പാലിറ്റി തുടങ്ങി ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളിൽ പോപ്പുലർ ഫ്രണ്ടുമായി സഖ‍്യത്തിലാണ് സിപിഎം എന്നും സുരേന്ദ്രൻ പറഞ്ഞു.
'തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭൂരിപക്ഷ സമുദായത്തെ കബളിപ്പിക്കാനുള്ള ഒരു അടവ് നയം മാത്രമാണ് മുഖ‍്യമന്ത്രിയുടെ പരാമർശവും ജയരാജന്‍റെ പുസ്തകത്തിലെ പരാമർശങ്ങളും കാണിക്കുന്നത് അത് ഇവിടെ വിലപ്പോവില്ല'. സുരേന്ദ്രൻ പ്രതികരിച്ചു. അതേസമയം വയനാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ലീഗിനെ കടന്നാക്രമിക്കുന്നതെന്നും ലീഗുമായി ഒരു വിരോധവും സിപിഎമ്മിന് ഇല്ലെന്നും ലീഗിനെ ഏത് നിമിഷവും ഇടതുമുന്നണിയിൽ എത്തിക്കാൻ ശ്രമിക്കുന്നയാളാണ് മുഖ‍്യമന്ത്രിയെന്നും സുരേന്ദ്രൻ ആരോപിച്ചു.