
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎൽഎയും സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്‍റും സംസ്ഥാന പ്രസിഡന്‍റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് 5.10ഓടെയായിരുന്നു അന്ത്യം.
1987ലും 1996ലും 2001 ലും ആറ്റിങ്ങലില്‍ നിന്ന് നിയമസഭാംഗമായി. അപ്പെക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനാണ്. കേരളത്തിലെ കയർ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കി സിഐടിയുവിന്‍റെയും സിപിഎമ്മിന്‍റെയും മുന്‍നിരയിലേക്ക് ഉയര്‍ന്ന അദ്ദേഹം ആശയ പ്രചാരണ രംഗത്തും പ്രഗത്ഭനായിരുന്നു. വാര്‍ത്താ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമത്തിലും ആശയ സംവേദനശേഷി സവിശേഷമായി ഉപയോഗിച്ചു.
1937 ഏപ്രില്‍ 22നു വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ നാരായണിയുടെയും വി. കൃഷ്ണന്‍റെയും മൂത്ത മകനായി ജനിച്ചു. ചിറയിന്‍കീഴ് ആനത്തലവട്ടം ജീവാ ഭവനിലാണു താമസം. വിദ്യാര്‍ഥിയായിരിക്കെ കടയ്ക്കാവൂരില്‍ സ്കൂള്‍ ലീഡറായി തുടങ്ങിയ രാഷ്‌ട്രീയ ജീവിതം 1954ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലേക്കും വിപുലമായ സാമൂഹിക പ്രവര്‍ത്തനത്തിലേക്കും നയിച്ചു. 1956ല്‍ കമ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗം, രൂപീകരണം മുതല്‍ സിപിഎമ്മില്‍. 1971ല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലുമെത്തി. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷം ഒളിവില്‍ കഴിഞ്ഞു, രണ്ടുമാസം ജയില്‍വാസം. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ്.
ഭാര്യ: ലൈല. മക്കള്‍: ജീവാ ആനന്ദ് (മേനംകുളം കിംഫ്ര പാര്‍ക്ക് എംഡി), മഹേഷ് ആനന്ദ് (യുകെ). മരുമക്കള്‍: മഞ്ജു (മുട്ടത്തറ എന്‍ജിനിയറിങ് കോളെജ്), കെലി മിക്സൽ (റീട്ടെയില്‍ മാനെജര്‍, യുകെ).
മരണവിവരമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, സെക്രട്ടറിയേറ്റംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, എം. സ്വരാജ്, കെ.കെ. ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എം. വിജയകുമാര്‍, കെ. സജീവന്‍, ജില്ലാ സെക്രട്ടറി വി. ജോയി, ഒ.എസ്. അംബിക എംഎല്‍എ തുടങ്ങിയവർ ആശുപത്രിയിലെത്തി.
ഭൗതികദേഹം രാത്രിയോടെ ചിറയിന്‍കീഴ് ആനത്തലവട്ടത്തെ കുടുംബ വീട്ടിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ 11ന് എകെജി സെന്‍ററില്‍ പൊതുദര്‍ശനം. രണ്ടു മുതല്‍ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം. സംസ്കാരം 5 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.