

എച്ച്. സലാം, ജി. സുധാകരൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അധിക്ഷേപിച്ച അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് എതിരേ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എച്ച്. സലാം. ജി. സുധാകരൻ രാഷ്ട്രീയ കോമാളിയായി മാറി. പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുധാകരനുണ്ടോ എന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ സലാം കുറിച്ചു.
പിണറായി വിജയൻ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറന്നുപോകരുത്. 2021ൽ സ്ഥാനാർഥിയല്ലായിരുന്ന സുധാകരൻ എന്തിനാണ് പണം പിരിച്ചത്. അന്ന് പിരിച്ച പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താൻ തയാറാകണമെന്നും സലിം കൂട്ടിച്ചേർത്തു. ഒരു കുപ്പി കള്ള് വാങ്ങിക്കൊടുത്താൽ ആരെയും തെറി വിളിക്കാനുള്ള ആളെയാണ് ജി. സുധാകരന്റെ കോമാളിത്തരം കാണുമ്പോൾ ഓർമ വരുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എച്ച്. സലാമിന്റെ കുറിപ്പ്
അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ രാഷ്ട്രീയ കോമാളിയായി മാറുകയാണ്. കേരളത്തിലെ മുതിർന്ന പാർട്ടിനേതാവും പാർട്ടി പി.ബി അംഗവും പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയും ആയിരുന്ന പിണറായി വിജയനെ നനഞ്ഞകോഴിയെന്നും, പാർലമെന്റ് അംഗമായും ധനകാര്യമന്ത്രിയായും പ്രവർത്തിച്ച കെ.എൻ. ബാലഗോപാലിന് സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി.സുധാകരൻ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം.
പാർട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും ഞങ്ങൾ കാണിക്കുന്ന അവധാനത ദൗർബല്യമാണെന്ന് കരുതരുത്. പിണറായി വിജയൻ എന്ന മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് ജി.സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം ജി.സുധാകരൻ മറന്നു പോകരുത്. 2021ൽ ഞാൻ മത്സരിച്ച നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി അല്ലാതിരുന്ന ജി.സുധാകരൻ എന്തിന് പണം പിരിച്ചു? അന്ന് താങ്കൾ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താൻ തയാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ ജി.സുധാകരന് ധൈര്യമുണ്ടോ?
മിസ്റ്റർ ജി.സുധാകരൻ, താങ്കൾക്കും വീട്ടിൽ രണ്ടു മൂന്നു പേർക്കും മാത്രമറിയുന്ന രഹസ്യങ്ങൾ പലതും ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട. പിണറായി വിജയൻ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് പാർട്ടി സെക്രട്ടറിയാകുകയും പതിറ്റാണ്ടുകൾ പാർട്ടിയെ ധീരമായി നയിച്ച് തുടർഭരണത്തിലേക്ക് വരെ എൽഡിഎഫിനെ നയിക്കുകയും ചെയ്ത നേതാവാണ്. അനാവശ്യം കാണിച്ചിട്ടും താങ്കൾക്ക് അർഹിക്കാത്ത പരിഗണന നൽകിയ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റിന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ജി.സുധാകരനുണ്ടോ ?
പാർലമെന്റ് അംഗമായും ധനകാര്യ മന്ത്രിയായും സംഘടനാ ചുമതലകളിലും സത്യസന്ധമായും മാതൃകാപരമായും പ്രവർത്തിച്ച വ്യക്തിത്വമാണ് കെ.എൻ.ബാലഗോപാലിന്റേത്. ആലപ്പുഴ നഗരസഭാ ചെയർപഴ്സൺമാരായി മുൻകാലത്ത് പ്രവർത്തിച്ചത് സിപിഎം ഏരിയാകമ്മറ്റി അംഗങ്ങളായ രണ്ട് വനിതാ നേതാക്കളാണ്. അവരെ ജി.സുധാകരൻ അധിക്ഷേപിച്ച് വിളിച്ചത് " ഒരുത്തി" എന്നാണ്. ഇങ്ങനെ സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ നടത്താനാണോ ജനങ്ങൾ താങ്കൾക്ക് വോട്ട് നൽകിയത്? മുൻപ് ഷാനിമോൾ ഉസ്മാനെയും ഉഷാസാലിയെയും ഈ തിരഞ്ഞെടുപ്പ് വേളയിൽ സി.എസ്.സുജാതയെയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി അധിക്ഷേപിച്ചു.
ഉന്നത നേതാക്കൾ മുതൽ പ്രദേശിക പ്രവർത്തകരെവരെ ആരേയും അധിക്ഷേപിക്കുവാനുള്ള ലൈസൻസ് ആണ് വോട്ടർമാർ താങ്കൾക്ക് തന്നത് എന്ന് വിചാരിക്കരുത്. ഇത്തരം വിവരക്കേട് പറയുമ്പോൾ ഒരു പരിധിയൊക്കെ വയ്ക്കുന്നത് നല്ലതാണ്. അത് കേൾക്കുമ്പോൾ കൂടെ നിൽക്കുന്നവർ കുലുങ്ങി ചിരിക്കുന്നുണ്ടാകും. പക്ഷേ, ജനങ്ങളുടെ മുന്നിൽ താങ്കൾ ഒരു രാഷ്‌ട്രീയ കോമാളിയായി മാറുകയാണ്. പണ്ടൊക്കെ നാട്ടിൽ ഒരു കുപ്പി കള്ള് വാങ്ങികൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാൻ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോൾ ജനങ്ങൾക്ക് അതാണ് ഓർമ വരുന്നത്.