

വെള്ളനാട് ശശി
തിരുവനന്തപുരം: മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ മുതിർന്ന സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റുമായ ശശിക്ക് ജാമ‍്യം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം നൽകിയത്. കഴിഞ്ഞ ദിവസം പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെത്തി ശശി കീഴടങ്ങിയിരുന്നു.
നേരത്തെ ശശിക്ക് തിരുവനന്തപുരം സെഷൻസ് കോടതി ജാമ‍്യം നൽകിയിരുന്നില്ല. കഴിഞ്ഞ മാസം 28നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെയാണ് വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊന്നത്.
ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ വനംവകുപ്പ് വെള്ളനാട് ശശിക്കെതിരേ കേസെടുക്കുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ വേണ്ടി ചെയ്ത പ്രവർത്തിയാണെന്നായിരുന്നു കോടതിയിൽ പ്രോസിക‍്യൂഷൻ വാദിച്ചത്. വെള്ളനാട് വാളിയറ ഭാഗത്തെ വീട്ടുപരിസരത്താണ് ശനിയാഴ്ച രാവിലെ മുള്ളൻപന്നിയെ കണ്ടത്. തുടർന്ന് നാട്ടുകാർ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു.
വനംവകുപ്പിന്‍റെ നമ്പർ ഇല്ലാത്തതിനാൽ ഇവർ പഞ്ചായത്ത് പ്രസിഡന്‍റായ വെള്ളനാട് ശശിയോട് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ ശശി ഒരു ഇരുമ്പ് കഷ്ണം ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. ഇതിന് വനംവകുപ്പൊന്നും വേണ്ടെന്നും താൻ തന്നെ ഇത് കൈകാര്യംചെയ്‌തോളാമെന്ന് പറഞ്ഞായിരുന്നു വെള്ളനാട് ശശി മുള്ളൻപന്നിയെ കൊന്നത്.
ആദ‍്യമായിട്ടല്ല ശശി വിവാദങ്ങളിൽ പെടുന്നത്. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടതായി ശശിക്കെതിരേ പരാതി ഉയർന്നിരുന്നു. 2024 സെപ്റ്റംബറിൽ കടയിൽ അതിക്രമിച്ച് കയറി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആക്രമണം നടത്തിയതിന് ശശി അറസ്റ്റിലായിരുന്നു.
തട്ടുകടയുടെ ബോർഡ് റോഡിൽനിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയത്. 2021ൽ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് ശശി ആരോഗ‍്യ സബ് സെന്‍ററിന്‍റെ ശിലാഫലകം അടിച്ചു തകർത്തിരുന്നു.