H Salam, MLA
H Salam, MLA

സിപിഎം എംഎൽഎയുടെ വിവാദ ചോദ്യം സഭയിലെത്തും മുൻപേ സർക്കാർ വെട്ടി

പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന സഹകരണ ബാങ്ക് ക്രമക്കേട് നിയമസഭയില്‍ ഉന്നയിക്കാൻ ശ്രമിച്ചത് അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം.

തിരുവനന്തപുരം: പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന സഹകരണ ബാങ്ക് ക്രമക്കേട് നിയമസഭയില്‍ ചോദിച്ച് വെട്ടിലായി സിപിഎമ്മിലെ അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം. സഭയിൽ മറുപടി ലഭിക്കാൻ സഹകരണ മന്ത്രി വി.എന്‍. വാസവനോടാണ് എംഎൽഎ ചോദ്യം ചോദിച്ചത്.

സഹകരണ വകുപ്പിന്‍റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കേരളത്തിലെ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയാണ്, ഇവയുടെ ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നത് ഏത് രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണ്, ബാങ്കുകളുടെ ജില്ല തിരിച്ച പട്ടികയും പാര്‍ട്ടിയും വ്യക്തമാക്കാമോ എന്നതായിരുന്നു ഒന്നാമത്തെ ചോദ്യം.

ഓരോ സഹകരണ സംഘത്തിലും നടന്ന ക്രമക്കേടുകള്‍ തരംതിരിച്ച് വ്യക്തമാക്കുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം.

10 ദിവസം മുന്‍പ് നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ ചോദ്യം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ 793 നമ്പറിട്ട് ഉള്‍പ്പെടുത്തി. ഇതനുസരിച്ച് സഹകരണ വകുപ്പ് വിവരം ക്രോഡീകരിക്കുകയും ചെയ്തു. ഇത് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസിലെത്തി. ചൊവ്വാഴ്ചയാണ് മന്ത്രി വി.എൻ. വാസവന് ചോദ്യങ്ങള്‍ക്കു മറുപടി പറയാനുള്ള ഷെഡ്യൂള്‍ തീരുമാനിച്ചിരുന്നത്.

എന്നാൽ, ചോദ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ ഇടപെടുകയും എംഎൽഎ ചോദ്യം പിൻവലിക്കുകയുമായിരുന്നു. തൃശൂർ കരുവന്നൂർ ബാങ്ക്, തിരുവനന്തപുരം കണ്ടല ബാങ്ക് ക്രമക്കേട് ഉൾപ്പടെ മറുപടിയിൽ പരാമർശിക്കേണ്ട സാഹചര്യമായതിനാൽ ചോദ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയെങ്കിലും വെബ്‌സൈറ്റില്‍ നിന്നു മാത്രമാണ് ചോദ്യം അപ്രത്യക്ഷമായത്. അച്ചടിച്ച് വന്ന ചോദ്യങ്ങളുടെ ബുക്ക്‌ലെറ്റില്‍ സലാമിന്‍റെ വിവാദ ചോദ്യം ഇടം നേടി. തുടര്‍ന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയില്‍ നിന്ന് ചോദ്യം പേന കൊണ്ട് വെട്ടുകയായിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com