വെള്ളാപ്പള്ളിയെ തല്ലിയും തലോടിയും സിപിഎം

ശോഭ സുരേന്ദ്രൻ ഈഴവ സ്ഥാനാർഥിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് മാധ്യമങ്ങൾ ജാതി സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയായെന്ന് വിലയിരുത്തൽ
വെള്ളാപ്പള്ളിയെ തല്ലിയും തലോടിയും സിപിഎം
Vellappally Nadesanfile

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തല്ലിയും തലോടിയുo സിപിഎം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചരണായുധമാക്കിയെന്ന് സിപിഎം. സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വെള്ളാപ്പള്ളിയെ തല്ലിയും തലോടിയുമുള്ള നിലപാട്.

വെള്ളാപ്പള്ളിയെ ഉപയോഗിച്ച് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ബിജെപി നടത്തിയ ക്യാംപയിനെ പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടെന്ന സ്വയം വിമർശനവും പ്രസ്താവനയിലുണ്ട്. വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗത്തിനും അനുകൂലമായും പ്രതികൂലമായുമുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ ചൂടുപിടിക്കുന്നതിനിടയിലാണ് ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പ്.

ശോഭ സുരേന്ദ്രൻ ഈഴവ സ്ഥാനാർഥിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് മാധ്യമങ്ങൾ ജാതി സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയായെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ബിജെപി തന്ത്രപൂർവം ഇത് പ്രചാരണായുധമാക്കി മാറ്റി. ശോഭ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അനുഗ്രഹം വാങ്ങാൻ എത്തിയപ്പോൾ ബിജെപിക്കാർ അത് ചിത്രീകരിച്ചു നവമാധ്യമങ്ങളിലും പിന്നോക്ക വിഭാഗങ്ങൾക്ക് ഇടയിലും പ്രചരിപ്പിച്ചു.

ഈഴവ സ്ഥാനാർഥിയാണെന്നും വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് അതിവിപുലമായ ക്യാംപയിനാണ് ധീവര പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് ഇടയിൽ സമർഥമായി സംഘടിപ്പിച്ചത്. ഇത് മനസിലാക്കാനോ പ്രതിരോധിക്കാനോ പാർട്ടിക്ക് കഴിഞ്ഞില്ല. വർഗ രാഷ്‌ട്രീയവും മതേതര രാഷ്‌ട്രീയ കാഴ്ചപ്പാടുമുയർത്തി പിന്നോക്ക വിഭാഗങ്ങളെ കൂടെ നിർത്തുന്നതിൽ ഇടതുപക്ഷത്തിന് വീഴ്ച്ച സംഭവിച്ചെന്ന ഏറ്റ് പറച്ചിലും പ്രസ്താവനയിൽ ഉണ്ട്.

നെൽ കർഷകർക്ക് പണം നൽകാത്തതും ആശുപത്രികളിൽ മരുന്നും ചികിത്സയും ലഭ്യമല്ലാതായതും മാവേലി ത്രിവേണി സ്റ്റോറുകൾ വഴി വിലക്കുറവിൽ സാധനങ്ങൾ വിതരണം ചെയ്യാൻ ആവാത്തതും എല്ലാം ജനങ്ങളിൽ അതൃപ്തിഉണ്ടാക്കി. സംഘടനാപരമായി പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കുറവ് സംഭവിച്ചതായി വിലയിരുത്തലുമുണ്ട്.

Trending

No stories found.

Latest News

No stories found.