തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

മിക്ക ജില്ലകളിലും സ്ഥാനാർഥി നിർണയം നടന്നു വരുന്നു. കോർപ്പ​റേഷനുകളിലേക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നുള്ള മത്സരത്തിനിറങ്ങും
cpm ready to local body election

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

Updated on

ശരത് ഉമയനല്ലൂർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സിപിഎം പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിലേക്ക്. അടുത്ത മാസം ആദ്യവാരത്തോടെ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. അതു മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുൻപേ ‌പാർട്ടി നേതൃത്വം തുടങ്ങിയിരുന്നു.

മിക്ക ജില്ലകളിലും സ്ഥാനാർഥി നിർണയം നടന്നു വരുന്നു. കോർപ്പ​റേഷനുകളിലേക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നുള്ള മത്സരത്തിനിറങ്ങും. പഞ്ചായത്തുകളിൽ അതാത് ഏരി​യാ കമ്മിറ്റിയിൽ നിന്നുള്ള മത്സരാർഥികളുണ്ടാകും. നിലവിലുള്ളവരെ ഒഴിവാക്കി പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് നിർദേശം. യുവരക്തങ്ങൾക്കു പ്രഥമപരിഗണന നൽകാനും നിർദേശമുണ്ട്. നേരത്തേ വാർഡുവിഭജന സമയത്ത് ഇടതിന് സ്വാധീനമുള്ള വാർഡുകൾ കൂട്ടിച്ചേർത്തതായി പരാതിയുയർന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം ശക്തമല്ലാത്തതിനാൽ കെട്ടടങ്ങി. കൂടാതെ കോർപ്പറേഷൻ പരിധിയിൽ ഒരു വാർഡിൽ 300ലേറെ വോട്ടുകളാണ് സിപിഎം പ്രവർത്തകർ നടന്നു ചേർത്തത്. ഒരു ബ്രാഞ്ചംഗത്തിന് 20 വീടുകൾ ചുമതല നൽകിയായിരുന്നു പ്രവർത്തനം. ഇതിനിടെ ബൂത്ത് കമ്മിറ്റികളും സജീവമായി വിളിച്ചു ചേർത്തിരുന്നു. രണ്ട് മാസമായി ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം നടന്നു​വരുന്നു. പാർട്ടിക്കുള്ളിൽ നിന്നുള്ള പ്രവർത്തന ഫണ്ട് പിരിവ് നവംബർ 10ന് മുൻപ് പൂർത്തിയാക്കും. ഒരു ബ്രാഞ്ചംഗം 500 രൂപയെങ്കിലും നൽകാനാണ് നിർദേശം. കിടപ്പ് രോഗികളും വിദ്യാർഥികളുമായുള്ള അംഗ‌ങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കോർപറേഷനിൽ നിലവിലെ മേയർ ആര്യ രാജേന്ദ്രനു സീറ്റ് നൽകേണ്ടെന്നാ​ണ് തീരുമാനമെന്നറിയുന്നു. നിലവിലെ കൗൺസിലർമാരെ ഒഴിവാക്കി പുതിയ സ്ഥാനാർഥികളെ നിർത്താനായിരുന്നു ജില്ലാ കമ്മിറ്റിയിൽ നിന്നുയർന്ന ചർച്ചകൾ. അതേസമയം നിർണായക വാർഡുകളിൽ നിലവി​ലെ സ്ഥാനാർഥികളെ തന്നെ നോക്കാമെന്നും ചർച്ച വന്നിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് അതാതു വാർഡുകളിലെ താമസക്കാർ, അവരുടെ ജോലി, ജാതി, കുടുംബാംഗങ്ങളുടെ എണ്ണം, ബൂത്തിന്‍റെ സ്വഭാവം എന്നിങ്ങനെ സർവെ പ്രവർത്തകർ നടത്തിയിരുന്നു. ബൂത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ അസോസിയേഷനുകളുടെ ലിസ്റ്റും എടുത്തിരുന്നു. ഇടഞ്ഞു നിൽക്കുന്ന സിപിഐയെക്കൂടി പ്രവർത്ത​നങ്ങളിൽ പങ്കാളികളാക്കി തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനാണ് മുകളിൽ നിന്നുള്ള നിർദേശം. സംസ്ഥാനത്ത് പൊതുവിലുള്ള രാ​ഷ്‌​ട്രീയ കാലാവസ്ഥ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നു പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com