
തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളനത്തിന് റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സംഭവത്തിൽ ചൊവ്വാഴ്ച ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും പൊലീസ് നടപടിയെടുക്കാത്തതിൽ വിശദീകരണം തേടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിനു പുറമേ 31 പ്രവർത്തകരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കണ്ടാലറിയുന്ന അഞ്ഞൂറോളം ആളുകൾ എന്നായിരുന്നു നേരത്തെ പ്രതിപ്പട്ടികയിൽ പറഞ്ഞിരുന്നത്.
പുതിയതായി പ്രതി ചേർത്തവരിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവനുമുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ലെന്ന നിലപാടിലാണ് വഞ്ചിയൂർ പൊലീസ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ്എച്ച്ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.