കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; വെള്ളിയാഴ്ച ഹാജരാവാൻ നിർദേശം

സിപിഎം പ്രാദേശിക നേതാക്കളായ അനൂപ് ഡേവിസ് കാട, മധു അമ്പലപുരം എന്നിവരെ ഇഡി ചോദ്യം ചെ‍യ്തതിന്‍റെ തുടർച്ചയായിട്ടാണ് എം.എം. വർഗീസിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്
കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്
എം.എം. വർഗീസ്, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

കൊച്ചി: തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്‍റെ ആവശ്യം എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) തള്ളി. വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച് വർഗീസിന് ഇഡിവീണ്ടും നോട്ടീസയച്ചു.

രണ്ടാം ഘട്ട അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഹാജരാകാനാണ് ഇഡി നേരത്തെ വർഗീസിനോട് ആവശ്യപ്പെട്ടിരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി എന്ന നില‍യിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കുകളിലായതിനാൽ ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്ന് ഇ മെയിൽ വഴി വർഗീസ് ഇഡിക്ക് മറുപടി അ‍യച്ചു. എന്നാൽ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് വ്യാഴാഴ്ച ഹാജരാകാൻ ഇഡി പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്.

സിപിഎം പ്രാദേശിക നേതാക്കളായ അനൂപ് ഡേവിസ് കാട, മധു അമ്പലപുരം എന്നിവരെ ഇഡി ചോദ്യം ചെ‍യ്തതിന്‍റെ തുടർച്ചയായിട്ടാണ് എം.എം. വർഗീസിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ നാലു പ്രാവശ്യം എം.എം. വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ അക്കൗണ്ടുകൾ സിപിഎം ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണെന്ന് ഇഡി കരുതുന്നു.

കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുൻ എംപിയുമായ പി.കെ. ബിജുവിനോട് വ്യാഴാഴ്ച സിപിഎം കൗൺസിലർ പി.കെ. ഷാജനോട് വെള്ളിയാഴ്ചയും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.