

സംസ്ഥാനത്തെ യുഡിഎഫ് ഭരണം കേരളത്തെ പിറകോട്ട് നയിക്കുന്നു; വിമർശനവുമായി സിപിഎം സെക്രട്ടേറിയറ്റ്
file
തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് ഭരണം കേരളത്തെ പിറകോട്ട് നയിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിമർശനം. യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോൾ, കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് നടപ്പിലാക്കിയ ബദൽ നയങ്ങളെയാകെ തകർക്കുന്നതാണ് പുതിയ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ.
ആശാ വർക്കർമാർക്ക് 21,000 രൂപ നൽകുമെന്ന വാഗ്ദാനം സർക്കാർ നടപ്പിലാക്കിയില്ല. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. വിദ്യാർഥികളുടെ കെഎസ്ആർടിസി പാസ് നിരക്ക് 10 രൂപയിൽ നിന്നും 110 രൂപയായി വർധിപ്പിച്ചു. അഞ്ച് വർഷത്തെ ശമ്പള പരിഷ്കരണം അട്ടിമറിക്കപ്പെടുകയും, ലീവ് സറണ്ടർ ആനുകൂല്യം ഇല്ലാതാക്കുകയും ചെയ്തു. ക്ഷേമ പെൻഷനുകളും സ്ത്രീ സുരക്ഷാ പെൻഷനുകളും തകിടം മറിഞ്ഞ അവസ്ഥയിലാണ്.
സംസ്ഥാനത്ത് പവർകട്ട് തിരികെ വരികയാണെന്നും സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. വർഗീയ പ്രീണനവും ആഗോളവൽക്കരണവുംകേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന ആഗോളവൽക്കരണ നയങ്ങൾ അതേപോലെ സ്വീകരിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. സ്വകാര്യവൽക്കരണ അജണ്ടയിലേക്കാണ് സർക്കാരിന്റെ നയപരിപാടികൾ കേരളത്തെ കൊണ്ടുപോകുന്നത്.
കഴിഞ്ഞ പത്ത് വർഷത്തെ വർഗീയ സംഘർഷങ്ങളില്ലാത്ത അന്തരീക്ഷം മാറ്റി, വർഗീയ ശക്തികളുമായി സമരസപ്പെടുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ജനഗണമന ഒഴിവാക്കി വന്ദേമാതരം പ്രതിഷ്ഠിച്ചതിലൂടെ ഇത് വ്യക്തമാണെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ തന്നെ തുടങ്ങിയ ഈ പ്രവണത വിവിധ രൂപങ്ങളിൽ തുടരുകയാണ്. യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ആഗോളവൽക്കരണ നയങ്ങളും വർഗീയ അജണ്ടകളും കേരളത്തെ ഏറെ പിറകോട്ട് നയിക്കുന്നതാണ്.
കേരളത്തിന്‍റെ പൊതുനേട്ടങ്ങളെ തകർക്കുന്ന ഈ സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ജനാധിപത്യ ശക്തികൾ മുന്നോട്ട് വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.