
സെസിനും ഫീസിനും എതിർപ്പില്ല; നയരേഖയ്ക്ക് പിന്തുണ
എം.ബി. സന്തോഷ്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച 'നവകേരളത്തിനുള്ള പുതുവഴികൾ ' എന്ന വികസനരേഖയ്ക്ക് പിന്തുണ. പൊതുചര്‍ച്ചയിൽ സെസും ഫീസുമടക്കമുള്ള നയരേഖയെ ആരും കാര്യമായി എതിര്‍ത്തില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ഉളവായ ആശങ്ക ദൂരീകരിക്കണമെന്ന് പ്രതിനിധികൾ നിർദേശിച്ചു.
സെസും ഫീസും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന വിധത്തിലാവരുതെന്നായിരുന്നു പൊതു അഭിപ്രായം . സേവനത്തിന് ഫീസ് എന്നത് പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്ന് കോഴിക്കോട്ടുനിന്നുള്ള പ്രതിനിധി കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്റ്റർ കൂടിയായ കെ.ടി കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടു. അവ്യക്തതകൾ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണം . നവ ഉദാരവത്കരണമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ഇതിൽ ജാഗ്രത വേണം.പുതിയ നിർദ്ദേശങ്ങളെ ഒരാൾപോലും എതിർത്തില്ല.
കേന്ദ്രസർക്കാർ കേരളത്തെ ക്രൂരമായി അവഗണിക്കുമ്പോൾ നവ കേരള നിർമാണത്തിന് പുതുവഴികൾ കണ്ടെത്താനുള്ള പ്രഖ്യാപനമാണ് രേഖയെന്ന് പ്രതിനിധികൾ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം മുന്നോട്ടുവച്ച ലക്ഷ്യങ്ങളിൽ ഭൂരിഭാഗവും നേടാൻ സാധിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ചർച്ചയിൽ പങ്കെടുത്ത മിക്കവരും ശരിവച്ചു.
പുതിയ വിഭവ സമാഹരണമില്ലാതെ മുന്നോട്ടുപോകാനാവില്ല എന്ന് വ്യക്തമാവുമ്പോഴും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരെയും സാധാരണക്കാരെയും ബാധിക്കാത്ത വിധത്തിലാവണം പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ. മാത്രമല്ല, അത്തരക്കാരുടെ ജീവിതം ഇതിലൂടെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് അവരെ ബോധവത്‌കരിക്കണമെന്നും അഭിപ്രായമുയർന്നു.
വികസനം അട്ടിറിക്കാൻ കിഫ്ബിയെയും സാമൂഹിക പെൻഷൻ തടയാൻ പെൻഷൻ ഫണ്ടിനെയും തടയുന്നതുൾപ്പെടെ കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക ഉപരോധം വലിയതോതിൽ ജനങ്ങളെ ബോധ്യപ്പെടുത്തി പ്രതിരോധം തീർക്കണം.നവ കേരള നിർമാണം മാതൃകാപരവും സാമൂഹ്യ നീതിയിൽ അധിഷ്ഠിതവുമായിരിക്കണമെന്ന് പ്രതിനിധികൾ അഭ്യർഥിച്ചു.
ടൂറിസം, കാർഷിക, ഐടി മേഖലകളിൽ കൂടുതൽ ഊന്നൽ വേണം.വൻകിട വ്യവസായങ്ങളെക്കാൾ ഈ മേഖലകളിലാണ് കേരളത്തിന് സാധ്യത. ഇനിയും കാര്യമായി വിനിയോഗിക്കാത്ത ഈ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.കാർഷിക മേഖലയിൽ നിലവിലുള്ള തൊഴിലുകളെ സംരക്ഷിച്ചുകൊണ്ട് കൃഷി ആദായകരമാവുന്ന നിലയിൽ കൈകാര്യം ചെയ്യപ്പെടണം. സുഗന്ധ ദ്രവ്യങ്ങളുൾപ്പെടെയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉല്പാദനും വിതരണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കണമെന്ന് പ്രതിനിധികൾ നിർദേശിച്ചു.
മനുഷ്യ വന്യജീവി സംഘർഷത്തെ പ്രതിരോധിച്ചേ മതിയാവൂ. ഈ മേഖലയിൽ വനം വകുപ്പ് കാഴ്ചക്കാരായി നോക്കി നിൽക്കുകയും മിക്കയിടത്തും ജനവിരുദ്ധമാവുകയും ചെയ്യുന്നുണ്ട്.പാരിസ്ഥിതിക പ്രശ്നങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും പരിഗണിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടോടെ ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ വേണമെന്നും ആവശ്യമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടിക്കുശേഷം സംസ്ഥാന സമ്മേളനം രേഖ അംഗീകരിക്കുന്നതോടെ എൽഡിഎഫ് മുമ്പാകെ ഇക്കാര്യം എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അവിടെയും വലിയ എതിർപ്പിന് സാധ്യതയില്ല. മൂന്നാം തുടർഭരണം ലക്ഷ്യമിട്ടുള്ള അതിദ്രുത ഇടപെടലും നടപ്പാക്കലുമാവും ഇക്കാര്യത്തിലുണ്ടാവുക. അടുത്ത ഒരു വർഷത്തിനുള്ളിൽ തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടതുള്ളതിനാൽ അടിയന്തര ഫലസാധ്യതയുള്ളതും ജനങ്ങളെ ദോഷകരമായി ബാധിക്കാത്തതുമായ കാര്യങ്ങൾ നടപ്പിലാക്കുന്നതിനാവും മുൻഗണന.