

മുഖ്യ അജന്‍ഡ മൂന്നാം തുടർഭരണം
##എം.ബി.സന്തോഷ്
തിരുവനന്തപുരം: സിപിഎമ്മിനു ഭരണമുള്ള ഏക സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ മൂന്നാം തുടർഭരണം എന്ന ലക്ഷ്യത്തിലേക്കുള്ള അടവുനയങ്ങൾക്കും തന്ത്രങ്ങൾക്കും രൂപം നൽകലാവും കൊല്ലത്ത് ബുധനാഴ്ച ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ മുഖ്യ അജൻഡ. അതുകൊണ്ടുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിനെക്കാൾ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന 'നവകേരളത്തിനുള്ള പുതുവഴികൾ ' എന്ന വികസനരേഖയാവും കൂടുതൽ ശ്രദ്ധിക്കപ്പെടുക.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പിണറായി അവതരിപ്പിച്ച 'നവകേരള വികസനരേഖ'യുടെ തുടർച്ചയാണ് ഇത്തവണ അവതരിപ്പിക്കുന്നത്.പുതിയ സാഹചര്യത്തിൽ ഇതിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് സമ്മേളനം ചർച്ച നടത്തും. അതിന്‍റെ അടിസ്ഥാനത്തിലാവും അന്തിമരേഖ. ജില്ലാ സമ്മേളനങ്ങളിലെ വിമർശനങ്ങളുടെ തുടർച്ചതന്നെയാവും സംസ്ഥാന സമ്മേളനത്തിലും ഉയരാൻ സാധ്യത.വ്യവസായം മുതൽ സ്വകാര്യ സർവകലാശാലവരെയുള്ള വിവിധ വിഷയങ്ങളിലെ നയവ്യതിയാനവും പാർട്ടി സമീപനങ്ങളിലെയും പരിപാടികളിലെയും മാറ്റവും സമ്മേളനം ചർച്ച ചെയ്യും. എ ഐ ഉൾപ്പെടെ പുതു സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പാർട്ടിക്ക് നിലപാടെടുക്കേണ്ടിവരും.
സംസ്ഥാനത്തെ ആദ്യ ജില്ലാ സമ്മേളനം കൊല്ലത്ത് നടന്നപ്പോൾ കരുനാഗപ്പള്ളിയിലെ പ്രാദേശിക വിഭാഗീയത വലിയ ചർച്ചയായിരുന്നു.വിഭാഗീയത സംസ്ഥാനതലത്തിൽ പൂർണമായി പിഴുതെടുത്തു എന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും കൊല്ലത്തിന് പുറമെ ആലപ്പുഴ, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം ഉൾപ്പെടെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പ്രാദേശിക വിഭാഗീയത കരുത്താർജിക്കുന്നത് സംസ്ഥാന സമ്മേളനത്തിന് പരിഗണിക്കാതിരിക്കാനാവില്ല. നേതാക്കളുടെ തലക്കനം പലജില്ലാ സമ്മേളനങ്ങളിലും വിമർശിക്കപ്പെട്ടു. തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആവശ്യമുയർന്നു. ഇ.പി ജയരാജന്‍റെ നടപടികൾ കമ്യൂണിസ്റ്റ് രീതിക്കു ചേർന്നതല്ലെന്ന് മിക്കവാറും ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനം സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൽ ഉൾപ്പെടാനിടയുണ്ട്.മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മൈക്ക് ഓപ്പറേറ്റർമാരോടു വരെ തട്ടിക്കയറിയതും വിമർശന വിധേയമായി.'ഫണ്ട് സ്വരൂപിച്ചോ, പത്രം ചേർത്തോ'എന്നതിനപ്പുറം മറ്റൊന്നും അന്വേഷിക്കാത്ത നേതാക്കളെപ്പറ്റി ജില്ലാ സമ്മേളനങ്ങളിൽ ആക്ഷേപമുയർന്നത് സംസ്ഥാന സമ്മേളനത്തിലും പ്രതിഫലിക്കാനിടയുണ്ട്.
സഹകരണമേഖലയിലെ തട്ടിപ്പുകളിൽ പാർട്ടി പലേടത്തും പ്രതിസ്ഥാനത്തുള്ളതും ഇഡിക്ക് സഹകരണമേഖലയിൽ കടന്നുകയറാനിടയാക്കിയതും ജില്ലാ സമ്മേളനങ്ങളിൽ വലിയ ചർച്ചയായി. ആ തട്ടിപ്പുകളിൽ പാർട്ടി നേതാക്കളുടെ പങ്ക് സമ്മേളനത്തിൽ ചർച്ചയാവും. ഒന്നാം പിണറായി സർക്കാരിനൊപ്പം രണ്ടാം പിണറായി സർക്കാരിന് എത്താൻ കഴിയുന്നില്ലെന്ന അഭിപ്രായം പാർട്ടി നേതാക്കൾക്കിടയിൽ ശക്തമാണ്.പരിചയ സമ്പന്നരായ മന്ത്രിമാരെ മാറ്റി നിർത്തിയത് ചെയ്തതു ശരിയായോ എന്ന നിലയിലുള്ള അഭിപ്രായം അതേപടി സമ്മേളനത്തിൽ പ്രതിഫലിക്കണമെന്നില്ല. മുഖ്യമന്ത്രിയിലേക്ക് പാർട്ടിയും സർക്കാരും കൂടുതൽ കേന്ദ്രീകരിക്കുന്നു എന്നുതന്നെയാണ് ഈ സമ്മേളനവും നൽകുന്ന സൂചന.