'ആർഷോ നിരപരാധി, നടക്കുന്നത് എസ്എഫ്ഐക്കെതിരായ ആസൂത്രിത നീക്കം; വിദ്യയുടെ കേസ് അതീവ ഗുരുതരം'

വിവാദമുണ്ടായതിനു പിന്നാലെ ആർഷോ സെക്രട്ടേറിയറ്റിന് വിശദീകരണം നൽകിയിരുന്നു
'ആർഷോ നിരപരാധി, നടക്കുന്നത് എസ്എഫ്ഐക്കെതിരായ ആസൂത്രിത നീക്കം; വിദ്യയുടെ കേസ് അതീവ ഗുരുതരം'

തിരുവനന്തപുരം: എസ്എഫ്ഐയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. മഹാരാജാസ് കോളെജ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എം. ആർഷോ നിരപരാധിയാണെന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ് മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യക്കെതിരായ ആരോപണം ഗൗരവകരമാണെന്നും വിലയിരുത്തി. അന്വേഷണം നടക്കട്ടേ എന്ന നിലപാടിലാണ് പാർട്ടി.

വിവാദമുണ്ടായതിനു പിന്നാലെ ആർഷോ സെക്രട്ടേറിയേറ്റിന് വിശദീകരണം നൽകിയിരുന്നു. എഴുതാത്ത പരീക്ഷ ജയിച്ചെന്ന് കാണിച്ചതിൽ തനിക്ക് പങ്കില്ലെന്നും തനിക്കും എസ്എഫ്ഐക്കുമെതിരെ കുരുതികൂട്ടി ചിലർ നടത്തിയ തിരിമറിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. സംഭവത്തിൽ ആർഷോ ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ആർഷോയ്ക്ക് കോളെജും ക്ലീൻ ചിറ്റ് നൽകി. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ വിശദീകരണം തൃപ്തികരമാണെന്ന് സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തി.

എന്നാൽ കെ. വിദ്യക്കെതിരായ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വിവാദം അതീവ ഗുരുതരമാണെന്നും വിദ്യയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷണത്തിൽ തെളിയട്ടേയെന്നും സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയായ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനി വിദ്യ ഗസ്റ്റ് ലക്‌ച്ചർ നിയമനത്തിനായി മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. കാലടി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു വിദ്യ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com