

തിരുവനന്തപുരത്ത് മേയർ ആര്? സിപിഎമ്മിൽ ഭിന്നത
തിരുവനന്തപുരം: തലസ്ഥാനത്ത് ഭരണത്തിലെത്തുമ്പോൾ ആര് മേയറാകുമെന്ന കാര്യത്തിൽ സിപിഎമ്മിൽ ഭിന്നത. എസ്.പി. ദീപക്കിനെ മുൻനിർത്തിയുള്ള പരിപാടികളുമായി ഒരു വിഭാഗം പ്രചാരണം നടത്തുമ്പോൾ 101 സ്ഥാനാർഥികളും മേയറാകാൻ യോഗ്യതയുള്ളവരാണെന്നാണ് മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായം.
നോമിനേഷൻ കൊടുത്ത ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ല. ചിലയാളുകളെ അനൗദ്യോഗികമായി മേയർ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അങ്ങനെ അവതരിപ്പിക്കുന്നത് തെറ്റാണ് എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ആരെ മേയർ ആക്കണമെന്നതിൽ സിപിഎം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നണി ജയിച്ചാൽ ആര് മേയറാകണമെന്ന കാര്യത്തിൽ സിപിഎമ്മിൽ തർക്കം തുടരുകയാണ്. ജില്ലാ കമ്മിറ്റി അംഗം എസ്.പി ദീപക്കിന്‍റെ പേര് കടകംപള്ളി സുരേന്ദ്രൻ വിഭാഗം മേയറായി ഉയർത്തിക്കാട്ടുമ്പോൾ ശിവൻകുട്ടിയെ അനുകൂലിക്കുന്നവർക്ക് ജില്ലാ കമ്മിറ്റി അംഗമായ ആർ.പി. ശിവജിയെ ആണ് താത്പര്യമെന്നാണ് വിവരം