ആലപ്പുഴയിലെ സിപിഎം പരാജയം: കായംകുളത്ത് വോട്ട് മറിക്കൽ ആരോപണം

പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ അമ്മയും മകനും ബിഡിജെഎസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടും അവരെ നേതൃത്വം സംരക്ഷിച്ചെന്നും പോസ്റ്റിൽ ആരോപിക്കുന്നു
ആലപ്പുഴയിലെ സിപിഎം പരാജയം: കായംകുളത്ത് വോട്ട് മറിക്കൽ ആരോപണം
ആലപ്പുഴയിലെ സിപിഎം പരാജയം: കായംകുളത്ത് വോട്ട് മറിക്കൽ ആരോപണം

ജിബി സദാശിവൻ

കൊച്ചി: ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫിന്‍റെ തോൽവിക്കുപിന്നാലെ കായംകുളം സിപിഎമ്മിൽ സമൂഹമാധ്യമ പോര്. കായംകുളത്ത് ഇടതു സ്ഥാനാർഥി മൂന്നാം സ്ഥാനത്തായതിന്‍റെ കാരണം അറിയാമെന്നും ബിജെപിക്ക് സിപിഎം നേതാക്കൾ വോട്ട് മറിച്ചു കൊടുത്തെന്നുമാണ് പോസ്റ്റ്. കായംകുളത്ത് ഉണ്ടായത് നാണം കെട്ട തോൽവിയെന്നും പരിഹാസമുണ്ട്. കായംകുളത്തിന്‍റെ വിപ്ലവം എന്ന എഫ്.ബി പേജിലാണ് രൂക്ഷ വിമർശനം ഉയർന്നത്. പാർട്ടി നേതാക്കൾക്ക് അഴിമതി, വ്യഭിചാരം, ക്വട്ടേഷൻ, ആഭിചാരം, ലഹരി മാഫിയ ബന്ധമുണ്ടെന്ന് പേര് എടുത്ത് പറഞ്ഞാണ് വിമർശനം. നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ നടപടിയുണ്ടാകാത്തത് പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിരുന്നു.

പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ അമ്മയും മകനും ബിഡിജെഎസ് നേതാക്കളുമായി ചർച്ച നടത്തിയിട്ടും അവരെ നേതൃത്വം സംരക്ഷിച്ചെന്നും പോസ്റ്റിൽ ആരോപിക്കുന്നു. ചില നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനം അട്ടിമറിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും പോസ്റ്റിലുണ്ട്. ഏരിയ കമ്മിറ്റി പിരിച്ചു വിടണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്.

കായംകുളത്ത് സമൂഹമാധ്യമ വിപ്ലവം ഇതാദ്യമല്ല. പ്രതിഭാ ഹരി എംഎൽഎ ക്കെതിരെയും രൂക്ഷ വിമർശനമുയർത്തി സമൂഹമാധ്യമ പോസ്റ്റുകൾ ഇതിനു മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ സിപിഎം നേതാക്കൾക്കിടയിലെ പടലപ്പിണക്കങ്ങളും ഇത്തരം പോസ്റ്റുകളിലൂടെ ചർച്ചയായിട്ടുണ്ട്. നേതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ആലപ്പുഴയിൽ പാർട്ടിയെ നശിപ്പിച്ചുവെന്ന വിമർശനം വാട്‍സ് ആപ്പ് സന്ദേശങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ജെ. ചിത്തരഞ്ജൻ, എച്ച്. സലാം, പ്രതിഭ ഹരി തുടങ്ങിയ നേതാക്കളുടെ പേരെടുത്ത് പറഞ്ഞുള്ള വിമർശനങ്ങളും സജീവമാണ്. ഏറെ നാളായി ആലപ്പുഴയിലെ വിഭാഗീയത സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്. മുൻ മന്ത്രി ജി.സുധാകരനും ഇടയ്ക്കിടെ വെടി പൊട്ടിക്കാറുണ്ട്. കരുനാഗപ്പള്ളിയിലും ഹരിപ്പാടും കായംകുളത്തും ബിജെപി വലിയ മുന്നേറ്റം നടത്തിയിരുന്നു. ശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ ദല്ലാൾ നന്ദകുമാർ ഉയർത്തിയ ആരോപണങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇടത് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക്‌ പോകുമായിരുന്നുവെന്ന് സിപിഎം താങ്കൾ തന്നെ പറയുന്നു.

പല ലോക്കൽ, ഏരിയ കമ്മിറ്റികളിലും നേതാക്കളോടുള്ള അതൃപ്തി വ്യക്തമാണ്. ആരിഫിന് വേണ്ടി നേതാക്കൾ ആത്മാർഥമായി പ്രവർത്തിച്ചില്ലെന്നാണ് ആരോപണം. അതേസമയം ആരിഫിനെതിരെയും വിമർശനം ശക്തമാണ്. പാർട്ടി ലൈനിലായിരുന്നില്ല ആരിഫ് സഞ്ചരിച്ചതെന്നും അരൂരിൽ പോലും ആരിഫ് പിന്നിലായത് ഇതിനാലാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്. പരമ്പരാഗത വോട്ടു ബാങ്കുകളെല്ലാം ഇത്തവണ ഇടതിന്‍റെ കൈവിട്ടെന്നും നേതാക്കൾക്ക് ഇതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്നും വിമര്ശനമുയരുന്നു. തെരഞ്ഞെടുപ്പ് അവലോകനങ്ങളിലേക്ക് പാർട്ടി കടക്കുന്നതോടെ വിഭാഗീയത രൂക്ഷമാകുമോ എന്ന പേടിയിലാണ് ജില്ലാ നേതൃത്വം.

Trending

No stories found.

Latest News

No stories found.