

സി.ആർ. മഹേഷ് എംഎൽഎ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം.
തിരുവനന്തപുരം: ഏതെങ്കിലും കസേരയിലോ, ശീതീകരിച്ച മുറിയിലോ, ആഡംബര കാറിലോ ഇരുന്നല്ല. മറിച്ച്, മനുഷ്യരെ കണ്ടുകൊണ്ട് തെരുവുകളിലൂടെയും ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള യാത്രകളിലൂടെയുമാണ് ഒട്ടനവധി ഹൃദയങ്ങളിലേക്ക് കെ.സി. വേണുഗോപാലെന്ന പൊതുപ്രവർത്തകൻ നടന്നടുക്കുന്നതെന്ന് സി.ആര്‍. മഹേഷ് എംഎല്‍എ.
എത്ര കൊത്തിപ്പറിച്ചാലും പരാതികളും പരിഭവങ്ങളുമില്ലാതെ ആ മനുഷ്യൻ ഇവിടെ ഇങ്ങനെ തന്നെ തുടരും എന്നുറപ്പാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെക്കുറിച്ച് സി.ആര്‍. മഹേഷ് എംഎല്‍എ സമൂഹമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിന്‍റെ പൂർണ രൂപം
ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് മണ്ഡലവുമായി ബന്ധപ്പെട്ട ഒരു വിഷയം സംസാരിക്കാൻ വേണ്ടിയാണ് സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ശ്രീ കെ സി വേണുഗോപാലിനെ വിളിക്കുന്നത്. പക്ഷേ, കോൾ പോകുന്നുണ്ടായില്ല. വാട്സ് ആപ്പ് മെസ്സേജ് അയച്ചിട്ടും ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസിൽ വിളിച്ചപ്പോഴാണറിഞ്ഞത്, രാഹുൽ ഗാന്ധിയോടൊപ്പം ബിഹാറിൽ അന്ന് ആവേശകരമായി മുന്നേറിക്കൊണ്ടിരുന്ന വോട്ടർ അധികാർ യാത്രയോടൊപ്പമാണ് അദ്ദേഹമെന്ന്. യാത്രയിൽ പങ്കെടുക്കുക മാത്രമായിരുന്നില്ല, പൂർണ സമയ സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. അതിന് തൊട്ടുമുൻപത്തെ ദിവസം അദ്ദേഹം നാട്ടിൽ വന്നുപോയതാണെന്ന് എനിക്കറിയാം. വോട്ടർ അധികാർ യാത്രയിൽ നിന്ന് മറ്റ് സംഘടനാ കാര്യങ്ങൾക്കായി പിന്നീട് ബിഹാറിൽ നിന്ന് ഡൽഹിയിലെത്തിയ കെസി വേണുഗോപാലിനെയാണ് കണ്ടത്. എന്റെ മെസ്സേജ് ശ്രദ്ധിച്ചത് കൊണ്ടാവും അദ്ദേഹം രാത്രി തന്നെ ഡൽഹിയിൽ നിന്ന് എന്നെ വിളിച്ചു. പറയാനുള്ളതെല്ലാം കേട്ടു. പിറ്റേദിവസം രാവിലെ ഞാൻ ഫേസ്ബുക്ക് എടുത്തു നോക്കിയപ്പോൾ കണ്ടത്, കുവൈറ്റ് ഒഐസിസി പ്രവർത്തകർ അദ്ദേഹത്തെ കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നതാണ്. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, കുവൈറ്റ് ഒഐസിസിയുടെ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം സ്വീകരിക്കുന്നതിനായി കുവൈറ്റിൽ എത്തിയതാണ് അദ്ദേഹമെന്ന്. തൊട്ടടുത്ത ദിവസം, ഓഗസ്റ്റ് 29ന് അദ്ദേഹത്തെ കണ്ടത് ബിഹാറിലെ പട്നയിലാണ്. 28ന് കുവൈറ്റിലെത്തി അവാർഡ് വാങ്ങിയ ഉടൻ തന്നെ അദ്ദേഹം തൊട്ടടുത്ത വിമാനം പിടിച്ച് ഡൽഹി വഴി പട്നയിലേക്ക് പോവുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയുടെ സമാപന റാലിയിൽ 30 ന് പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. അന്നുതന്നെ രാത്രി വൈകി ആലപ്പുഴയിലെത്തിയ അദ്ദേഹം, മണ്ഡലത്തിലെ കുട്ടികൾക്ക് നൽകിവരുന്ന മെറിറ്റ് അവാർഡിന്റെ മുന്നൊരുക്കങ്ങളിൽ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു.
ഇങ്ങനെയാണ് കെസി. എത്ര തിരക്കുണ്ടെങ്കിലും നമ്മളോട് കണക്ടഡ് ആയിരിക്കും. നമ്മൾ വിളിക്കുമ്പോൾ ഫോണെടുക്കാൻ സാധിച്ചില്ലെങ്കിൽ തിരക്കൊഴിയുമ്പോൾ തിരിച്ചുവിളിക്കും. അതുകൊണ്ടാണ് നേരിലനുഭവിച്ച കാര്യങ്ങൾ ഇവിടെ ആദ്യം എഴുതിയത്.
സമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ അവസ്ഥയും. വെള്ളിയാഴ്ച അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ബുധനാഴ്ച മുതൽ അദ്ദേഹം മാരത്തോൺ മീറ്റിങ്ങുകളിലായിരുന്നു
എന്നറിയാമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുന്നത് സംബന്ധിച്ച യോഗങ്ങൾ, മറ്റ് സംഘടനാ കാര്യങ്ങൾ ഒക്കെയായി തിരക്ക്. ശനിയാഴ്ച രാവിലെ തെലങ്കാനയിലെ പാർട്ടി നിരീക്ഷകരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെലങ്കാന മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും പിസിസി അധ്യക്ഷനോടും ചർച്ച നടന്നു. ശേഷം വൈകുന്നേരം ഡൽഹിയിൽ നിന്നും പട്നയിലെത്തി വിവിധ മണ്ഡലങ്ങളിലും ജില്ലകളിലും നിയമിക്കപ്പെട്ട പാർട്ടി നിരീക്ഷരുടെ റിപ്പോർട്ട് സ്വീകരിച്ച് വാർ റൂമിൽ വച്ച് വിശകലന യോഗം ചേർന്നു. ചർച്ച രാത്രി 9 മണിക്ക് ആരംഭിച്ച് അവസാനിച്ചത് ഒന്നര മണിക്കാണ് എന്ന് പിന്നീട് അറിഞ്ഞു.
ഒരവസരം കിട്ടിയാൽ കെസി വേണുഗോപാലെന്ന രാഷ്ട്രീയ നേതാവിനെ കൊത്തിപ്പറിക്കാൻ കഴുകന്മാർ കണ്ണും നട്ടിരിപ്പുണ്ട് എന്നതാണ് യാഥാർഥ്യം. ഏതെങ്കിലും കസേരയിലോ, ശീതീകരിച്ച മുറിയിലോ, ആഡംബര കാറിലോ ഇരുന്നല്ല. മറിച്ച്, മനുഷ്യരെ കണ്ടുകൊണ്ട് തെരുവുകളിലൂടെയും, ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള യാത്രകളിലൂടെയുമാണ് കെസി ഒട്ടനവധി ഹൃദയങ്ങളിലേക്ക് നടന്നടുക്കുന്നതെന്ന് ഈ കഴുകൻ കണ്ണുകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. എത്ര കൊത്തിപ്പറിച്ചാലും പരാതികളും പരിഭവങ്ങളുമില്ലാതെ ആ മനുഷ്യൻ ഇവിടെ ഇങ്ങനെ തന്നെ തുടരും എന്നുറപ്പാണ്.