തിരികെയെത്തുന്ന പ്രവാസികൾക്ക് ക്രിയാത്മക നിക്ഷേപ അവസരമൊരുക്കണം: കെ.ടി. ജലീൽ

അന്താരാഷ്ട്ര പ്രവാസി ദിനാചരണത്തോട് അനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.ടി. ജലീൽ
Creative investment opportunities should be provided to returning expatriates: K.T. Jaleel
തിരികെയെത്തുന്ന പ്രവാസികൾക്ക് ക്രിയാത്മക നിക്ഷേപ അവസരമൊരുക്കണം: കെ.ടി. ജലീൽ
Updated on

കോഴിക്കോട്: നാട്ടിൽ തിരികെയെത്തുന്ന പ്രവാസികളുടെ സമ്പാദ്യം ക്രിയാത്മക സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിന് അവസരമൊരുക്കണമെന്ന് കെ.ടി. ജലീൽ എംഎൽഎ പറഞ്ഞു. അന്താരാഷ്ട്ര പ്രവാസി ദിനാചരണത്തോട് അനുബന്ധിച്ച് നോർക്ക റൂട്ട്സ് ലോക കേരളസഭ സെക്രട്ടറിയേറ്റിന്‍റെ സഹകരണത്തോടെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ സംഘടിപ്പിച്ച പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് മികച്ച രീതിയില്‍ നിക്ഷേപം നടത്താനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ നോര്‍ക്ക വഴി ലഭ്യമാക്കാനാകുമോ എന്ന് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിയേറ്റത്തിന് മലയാളികൾ കാണിച്ചിട്ടുള്ള താൽപര്യമാണ് നമ്മളെ മറ്റു സമൂഹങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പ്രവാസികൾ നമ്മുടെ നാടിന്‍റെ സാമ്പത്തിക സ്രോതസിന്‍റെ അടിവേരാണെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, ബാങ്ക് ഓഫ് ബറോഡ ഹെഡ് കേരള സോണ്‍ ജനറല്‍ മാനേജര്‍ ശ്രീജിത് കൊട്ടാരത്തില്‍, ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി, നോർക്ക അഡീഷണൽ സെക്രട്ടറി ബി. സുനിൽ കുമാർ എന്നിവര്‍ സംസാരിച്ചു. ലോകകേരളസഭ അംഗങ്ങള്‍, പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍, നോര്‍ക്ക പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രവാസികള്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു. വൈകിട്ട് മെഹ്ഫിൽ കലാസന്ധ്യയിൽ ഷിഹാബും ശ്രേയയും ഗാനങ്ങൾ ആലപിച്ചു.

ഉച്ചകഴിഞ്ഞ് മാറുന്ന കുടിയേറ്റത്തിലും പുനരധിവാസത്തിലും പ്രവാസി സംഘടനകളുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് മോഡറേറ്ററായിരുന്നു. കേരള പ്രവാസി സംഘം പ്രസിഡന്‍റ് ഗഫൂര്‍ പി. ലില്ലിസ്, പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്‍റ് ദിനേശ് ചന്ദന, പ്രവാസി ഫെഡറേഷന്‍ പ്രസിഡന്‍റ് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്‍റ് നിസാര്‍ തളങ്കര, പ്രവാസി ലീഗ് പ്രസിഡന്‍റ് ഹനീഫ മുനിയൂര്‍, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ബാബു കരിപ്പാല, മറ്റ് പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com