
കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ടു പോലുമില്ലെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീശാന്ത് അറിയിച്ചു. ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരേ കഴിഞ്ഞദിവസം കോടതി നിർദേശ പ്രകാരം കണ്ണൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിലാണ് കേസ്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് ഒന്നും രണ്ടും പ്രതികൾ.
2019ലാണ് കേസിനാസ്പദമായ സംഭവം. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങിയെന്നു പരാതിയിൽ പറയുന്നു. എന്നാൽ വില്ലയുടെ നിർമാണം നടന്നില്ല. വില്ല നിർമിക്കാൻ തീരുമാനിച്ചിരുന്ന സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാഡമി തുടങ്ങുമെന്നും, അതിൽ പങ്കാളിയാക്കാമെന്നും രാജീവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ടു വിളിച്ച് ഉറപ്പു തന്നിരുന്നതായും സരീഗ് വ്യക്തമാക്കുന്നു.
എന്നാൽ ഇതിലും നടപടി ഉണ്ടായില്ല. ഇതേത്തുടർന്നാണ് കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ശ്രീശാന്ത് അടക്കം 3 പേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തത്.