
മുഹമ്മദ് ആട്ടൂർ (മാമി)
കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ‍്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ടുള്ള കേസിൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച പറ്റിയതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. കേസിൽ നിർണായക തെളിവായ സിസിടിവി ദൃശ‍്യങ്ങൾ ശേഖരിക്കുന്നതിൽ ഉൾപ്പെടെ പൊലീസിനു വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സിസിടിവി ദൃശ‍്യങ്ങൾ മനഃപൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ടിൽ പറയുന്നു. അന്ന് കേസ് അന്വേഷിച്ചിരുന്ന ലോക്കൽ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ‍്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഐജി രാജ്പാൽ മീണ ഉത്തരവിട്ടിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിലാണ് നടപടി. നടക്കാവ് മുൻ എസ്എച്ച്ഒ പി.കെ. ജിജീഷ്, എസ്ഐ ബിനു മോഹൻ, സീനിയർ സിപിഒ, എം.പി. ശ്രീകാന്ത്, കെ.കെ. ബിജു എന്നിവർക്കെതിരേയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ജില്ലയിലെ ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റന്‍റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. 2023 ഓഗസ്റ്റ് 21നായിരുന്നു മാമിയെ കാണ്മാനില്ലെന്ന് പറഞ്ഞ് ഭാര‍്യ റംലത്ത് പൊലീസിൽ പരാതി നൽകിയത്.