

പിണറായി വിജയൻ, വീണ തൈക്കണ്ടിയിൽ, മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എംഎൽഎ മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരേ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സർക്കാർ. ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ‍്യമന്ത്രി വി.ഡി. സതീശനും ചേർന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത‍്യേക അന്വേഷണ സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷണത്തിന് ആഭ‍്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി ഡിജിപിക്ക് കൈമാറിയ കത്തിൽ വ‍്യക്തമാക്കിയിരുന്നു. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാൽ ഇഡി നീക്കത്തെ ലഘുലേഖയിറക്കി പ്രതിരോധിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം.
എക്സാലോജിക്കിനെതിരായ ആരോപണങ്ങൾ മുതൽ നിലവിലെ അന്വേഷണ നടപടികൾ വരെയുള്ള കാര‍്യങ്ങൾ വ‍്യക്തമാക്കിയുള്ള ലഘുലേഖ വീടുകളിൽ നൽകി പ്രചാരണം നടത്താനാണ് പാർട്ടിയുടെ പദ്ധതി. ദേശാഭിമാനി ലഘുലേഖയുടെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിണറായി വിജയൻ മുഖ‍്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിന് യാതൊരു വിധ വഴിവിട്ട സഹായവും നൽകിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്.