കേരള പിഎസ്‌സി പരീക്ഷയിൽ ഓൺലൈൻ പഠനസാമഗ്രികളിൽ നിന്ന് 45 ചോദ്യങ്ങൾ അതേപടി പകർത്തിയെന്ന് ക്രൈംബ്രാഞ്ച്

സ്കാംവേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്, സാൻഫൗണ്ടറി.കോം തുടങ്ങിയ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ചോദ്യങ്ങൾ പകർത്തിയതെന്നാണ് കണ്ടെത്തൽ
Crime Branch states that 45 questions in the Kerala PSC examination were copied verbatim from online study materials.

കേരള പിഎസ്‌സി പരീക്ഷയിൽ ഓൺലൈൻ പഠനസാമഗ്രികളിൽ നിന്ന് 45 ചോദ്യങ്ങൾ അതേപടി പകർത്തിയെന്ന് ക്രൈംബ്രാഞ്ച്

file image

Updated on: 

തിരുവനന്തപുരം: കേരള പിഎസ്‌സി അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ (എഎംവിഐ) നിയമന പരീക്ഷയിലെ 45 ചോദ്യങ്ങൾ ഓൺലൈൻ പഠനസാമഗ്രികളിൽ നിന്ന് അതേപടി പകർത്തിയതാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിപുലമായ അന്വേഷണത്തിന്‍റെ ഭാഗമായി പുതിയ കേസും രജിസ്റ്റർ ചെയ്തു.

സ്കാംവേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ്, സാൻഫൗണ്ടറി.കോം തുടങ്ങിയ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ചോദ്യങ്ങൾ പകർത്തിയതെന്നാണ് കണ്ടെത്തൽ. എറണാകുളം പെരുമ്പാവൂർ സ്വദേശി രാഹുൽ രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് തിരിച്ചറിയാത്ത പിഎസ്‌സി ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തത്. നിശ്ചിത ശാരീരിക യോഗ്യതയില്ലാത്തവരെ പരീക്ഷയ്ക്ക് പരിഗണിച്ചതും അപേക്ഷാ തീയതി അവസാനിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറയാത്ത രണ്ട് കോഴ്സുകൾ കൂടി യോഗ്യതയായി ഉൾപ്പെടുത്തിയതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 2024 സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ യോഗ്യതയില്ലാത്തവർ ഇടംപിടിച്ചതോടെ അർഹരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ അവസരം നഷ്ടമായെന്നും പരാതിയിലുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

അതേസമയം, ഫിഷറീസ് വകുപ്പിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പിഎസ്‌സി ചെയർമാൻ, അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. 2020 ഓഗസ്റ്റിൽ വിജ്ഞാപനം ചെയ്ത തസ്തികയുടെ റാങ്ക് പട്ടിക 2022 നവംബർ 28നാണ് പ്രസിദ്ധീകരിച്ചത്. 2025 നവംബർ 28 വരെ കാലാവധിയുണ്ടായിരുന്ന പട്ടികയിൽ പിഎസ്‌സി ചെയർമാനുമായും അംഗങ്ങളുമായും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരുമായും അടുപ്പമുള്ള കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിലെ (കുഫോസ്) ആളുകളെ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. ഇതിലൂടെ അർഹരായ ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കപ്പെട്ടതായും എഫ്ഐആറിൽ പറയുന്നു.

ഖാദി ബോർഡ്, വില്ലേജ് ഓയിൽ ഇൻസ്പെക്റ്റർ തസ്തികകളിലേക്കും സംസ്ഥാന ആസൂത്രണ ബോർഡിലേക്കുമുള്ള നിയമനങ്ങളിലെ ക്രമക്കേടുകളും സ്വജനപക്ഷപാതവും സംബന്ധിച്ച് ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.