ജസ്റ്റിസ് കെ. ഹേമയുടെ നിലപാടിൽ വിമർശനം

മൂന്നംഗ കമ്മിറ്റി, ചെലവ് 1.06 കോടി
Criticized stand for Justice K Hema
ജസ്റ്റിസ് കെ. ഹേമയുടെ നിലപാടിൽ വിമർശനംfile image
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തിലെ ലിംഗ അസമത്വവും ലൈംഗികാതിക്രമവും അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷയായ റിട്ട. ജസ്റ്റിസ് കെ. ഹേമയുടെ നിലപാടിൽ വിമർശനം. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പെൺകുട്ടികൾക്കും സ്ത്രീക‌ൾക്കും എതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിട്ടും അതേക്കുറിച്ച് നിയമനടപടി സ്വീകരിക്കാത്തതാണ് വിമർശനങ്ങൾക്ക് ആധാരം.

ഹൈക്കോടതി ജഡ്ജിയായി വിരമിച്ച കമ്മിറ്റി അധ്യക്ഷ മുമ്പാകെ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിക്കുമ്പോൾ അത് പൊലീസിന് കൈമാറേണ്ടതായിരുന്നുവെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. പെൺകുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. അത് പോക്സോ കേസിന് ആധാരമായിക്കൂടെന്നില്ല. പോക്സോ കേസിനെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കാത്തത് 6 മാസം തടവോ പിഴയോ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ബന്ധപ്പെട്ട നിയമത്തിലെ 21(1) വ്യവസ്ഥയെന്ന് അവർ ഓർമിപ്പിക്കുന്നു.

പാമോയിൽ കേസിൽ സാക്ഷിയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ ഈ ഇടപാടിലെ അഴിമതിയെക്കുറിച്ച് അറിവുണ്ടായിട്ടും അത് വെളിപ്പെടുത്താത്തതിനാൽ പ്രതിയാക്കണമെന്ന അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍റെ വാദം വിജിലൻസ് പ്രത്യേക കോടതി സ്വീകരിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് വിജിലൻസിന്‍റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയുകയായിരുന്നു.

ഒരു കുറ്റകൃത്യത്തിനെക്കുറിച്ച് വിവരം ലഭിച്ചാൽ അത് വെളിപ്പെടുത്തി നിയമപരമായി നടപടി സ്വീകരിക്കുന്നതിനു പകരം അത് രഹസ്യമായി സൂക്ഷിക്കാൻ എങ്ങനെ കഴിയുമെന്നാണ് ചോദ്യം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നിയമപരമായ നടപടിക്ക് മുൻകൈയെടുക്കാൻ ധാർമിക ഉത്തരവാദിത്തമെങ്കിലും ഹൈക്കോടതി മുൻ ജഡ്ജിക്കുണ്ടെന്നാണ് നിയമവൃത്തങ്ങളിലെ ഒരു വിഭാഗത്തിന്‍റെ വാദം.

മൂന്നംഗ കമ്മിറ്റി, ചെലവ് 1.06 കോടി

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളും ലിംഗ അസമത്വവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ. ഹേമ അധ്യക്ഷയായി മൂന്നംഗ സമിതി രൂപീകരിക്കുകയായിരുന്നു. ദേശീയ അവാർഡ് 3 തവണ നേടിയ നടിയും മുൻ എംപിയുമായ ശാരദ, ഐഎഎസ് ഉദ്യോഗസ്ഥയായി വിരമിച്ച കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

കമ്മിറ്റിയുടെ 295 പേജുള്ള റിപ്പോർട്ട് 2019 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതിനെ തുടർന്ന് വിവരാവകാശ കമ്മിഷനെ സമീപിച്ചപ്പോൾ പുറത്തുവിടേണ്ടെന്നായിരുന്നു മുഖ്യ വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. രണ്ടാമത് മറ്റൊരു കമ്മിഷണർ എ. അബ്ദുൾ ഹക്കിമിന്‍റെ ഉത്തരവിനെ തുടർന്ന് 233 പേജുകൾ പുറത്തുവന്നു. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയായിരുന്നു ഇത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1,06,55,000 രൂപ സര്‍ക്കാര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. ഇതിൽ 10 തവണയായി ജസ്റ്റിസ് ഹേമ ഒരു കോടി രൂപയിലേറെ കൈപ്പറ്റിയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.