

എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എ. പത്മകുമാറിന്‍റെ മൊഴി പുറത്ത്. എൻ. വാസുവിനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തിയാണ് മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടികളെടുത്തതെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമാറിയതെന്നുമാണ് പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത്.
അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരേയാണ് ഇതോടെ സംശയം നീളുന്നത്. ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് കൈമാറിയത്. സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. മാത്രമല്ല, സ്വർണക്കൊള്ളയാണ് നടത്തുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞെങ്കിൽ സമ്മതിക്കില്ലായിരുന്നെന്നും പത്മകുമാർ എസ്ഐടിക്ക് നൽകിയ മൊഴിയിൽ പരാമർശിക്കുന്നു.
അതേസമയം, പത്മകുമാറിന്‍റെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. മാധ്യമങ്ങളുടെ ചോദ്യത്തിന് മൗനം തുടർന്ന പത്നകുമാർ ആരെയാണ് താങ്കൾ ദൈവത്തെ പോലെ കാണുന്നതെന്ന ചോദ്യത്തിന് ചിരിക്കുക മാത്രമാണ് ചെയ്തത്. സ്വർണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.
മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. തിരുവനന്തപുരത്ത് എസ്ഐടി മേധാവി എസ്.പി. ശശിധരന്‍റെ നേതൃത്വത്തിലുള്ള ചോദ‍്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്‍റ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.