സിഎസ്ഐ സഭാഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

സിഎസ്ഐ സഭാ ഭരണഘടനയില്‍ അനുകൂലമായ ഭേദഗതി വരുത്തിയശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അയോഗ്യരാക്കിയിരിക്കുന്നത്
മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതി
Updated on

നെയ്യാറ്റിൻകര: ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യ (സിഎസ്ഐ) സഭയുടെ സിനഡ് ഭാരവാഹികളെ പിരിച്ചുവിട്ട് റിസീവര്‍ ഭരണം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ്. സിഎസ്ഐ സഭാ ഭരണഘടനയില്‍ അനുകൂലമായ ഭേദഗതി വരുത്തിയശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അയോഗ്യരാക്കിയിരിക്കുന്നത്. ഭരണഘടനാ ഭേദഗതിയെയും സിനഡ് തെരഞ്ഞെടുപ്പിനെയും ചോദ്യം ചെയ്ത് ദക്ഷിണ കേരള മഹായിടവക മുന്‍ സെക്രട്ടറി ഡി. ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രധാനമായ ഈ കോടതി ഉത്തരവ്.

ബിഷപ്പുമാരുടെയും പുരോഹിതന്മാരുടെയും വിരമിക്കല്‍ പ്രായം 67ൽ നിന്ന് 70 വയസായി ഉയർത്തുകയും സിനഡിന്‍റെയും അതിന് കീഴിലുള്ള 24 മഹാ ഇടവകകളിലെയും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതയില്‍ ഇളവ് വരുത്തുകയും ചെയ്തുകൊണ്ടാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ഭേദഗതികള്‍ റദ്ദ് ചെയ്തുകൊണ്ട് നേരത്തെ ചെന്നെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

67 വയസ് പൂര്‍ത്തിയായ ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്‍ക്കും സേവനം തുടരാന്‍ കഴിയില്ല എന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിലൂടെ ദക്ഷിണ കേരള മഹായിടവക ബിഷപ്പും സിഎസ്‌ഐ മോഡറേറ്ററും ആയിരുന്ന മോസ്റ്റ് റവ. ധര്‍മരാജ് റസാലത്തിന് പദവികള്‍ നഷ്ടപ്പെട്ടിരുന്നു.

റവ. ധര്‍മരാജ് റസാലം ഇ ഡി അന്വേഷണം ഉള്‍പ്പെടെ നിരവധി ഏജൻസികളുടെ അന്വേഷണം നേരിടുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഷെര്‍ലി റസാലം തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത് ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ അവരുടെ പത്രിക തള്ളിപ്പോയി.

സിനഡ് നടപ്പാക്കിയ ഭരണഘടനാഭേദഗതി ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയതോടെ ആ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട സിനഡ് ഭാരവാഹികളെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോറന്‍സ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

വെള്ളിയാഴ്ചത്തെ ഡിവിഷന്‍ ബഞ്ച് ഉത്തരവിലൂടെ സിനഡ് ജനറല്‍ സെക്രട്ടറി ഫെര്‍ണാണ്ടസ് രത്തിന രാജാ, ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. റൂബന്‍ മാര്‍ക്ക്, ട്രഷറര്‍ വിമല്‍ സുകുമാര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാകും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതു വരെയുള്ള ഭരണനിര്‍വഹണത്തിന് റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് ബാലസുബ്രമണ്യം, ജസ്റ്റിസ് ഭാരതീദാസന്‍ എന്നിവരെ റിസീവര്‍മാരായി ഹൈക്കോടതി നിയോഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലുകള്‍ ഇല്ലാത്ത മഹായിടവകകളില്‍ ഹൈക്കോടതി നിയോഗിച്ച റിസീവര്‍മാരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടത്തി കൗണ്‍സിലുകള്‍ രൂപീകരിക്കുകയും സിനഡ് കൗണ്‍സില്‍ പ്രതിനിധികളെ നിശ്ചയിക്കുകയും ചെയ്യും. എല്ലാ മഹായിടവകകളിലെയും സിനഡ് കൗണ്‍സില്‍ പ്രതിനിധികളെ നിശ്ചയിച്ച് കഴിഞ്ഞാല്‍ സിനഡില്‍ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്തുന്നത് റിസീവര്‍ ആയിരിക്കും.

സിഎസ്ഐ സഭയിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് വ്യവഹാരങ്ങളിലേക്ക് വഴിവയ്ക്കുന്നതെന്നും നീതിയും ന്യായവും നടപ്പാകുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഹര്‍ജിക്കാരനായ ഡി. ലോറന്‍സ് പറഞ്ഞു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. തങ്ക ശിവം, അഡ്വ. ഭരണീധരന്‍ എന്നിവര്‍ ഹാജരായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com