കോൺഗ്രസ് ഉന്നതരെ കുടുക്കി പകുതി വില തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി

പണം നൽകിയതിന്‍റെ തെളിവുകൾ അനന്തു കൃഷ്ണൻ പൊലീസിനു കൈമാറിയിട്ടുണ്ട്. എല്ലാ ഉന്നതരും പെടട്ടെ എന്നാണ് അനന്തു കൃഷ്ണൻ പൊലീസിനോട് പറഞ്ഞത്.
Ananthu Krishnan
അനന്തു കൃഷ്ണൻ
Updated on

കൊച്ചി: കോൺഗ്രസിലെ ഉന്നതരെ കുടുക്കി പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്‍റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി ഡീൻ കുര്യാക്കോസ് 15 ലക്ഷം രൂപ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയതായാണ് പ്രതി പറയുന്നത്. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎൽഎ മാത്യു കുഴൽനാടൻ ഏഴ് ലക്ഷം രൂപ കൈയിൽ വാങ്ങിയതായും അനന്തു പറഞ്ഞു.

പ്രമുഖ പാർട്ടി നേതാവിന് 25 ലക്ഷം രൂപ നൽകിയത് തങ്കമണി സർവീസ് സഹകരണ ബാങ്ക് വഴിയാണെന്നും അനന്തു കൃഷ്ണൻ. മൂവാറ്റുപുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപി ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒൻപത് ലക്ഷം രൂപ നൽകിയെന്നും പ്രതിയുടെ മൊഴി. പണം നൽകിയതിന്‍റെ തെളിവുകൾ അനന്തു കൃഷ്ണൻ പൊലീസിനു കൈമാറിയിട്ടുണ്ട്. എല്ലാ ഉന്നതരും പെടട്ടെ എന്നാണ് അനന്തു കൃഷ്ണൻ പൊലീസിനോട് പറഞ്ഞത്.

രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതു സംബന്ധിച്ച കോൾ റെക്കോഡുകളും വാട്സ്ആപ്പ് ചാറ്റുകളും സൂക്ഷിച്ചത് ക്ലൗഡ് സ്റ്റോറേജിലാണെന്നാണ് അനന്തു കൃഷ്ണൻ പറയുന്നത്. കോൾ റെക്കോഡ്സും വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സീൽ ചെയ്ത സ്ഥാപനങ്ങൾ തുറന്നു പരിശോധിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.

അതേസമയം, പകുതി വില സ്കൂട്ടർ തട്ടിപ്പിൽ കോഴിക്കോട് ജില്ലയിൽ മാത്രം ഇരയായത് 5526 പേരാണ്. 11 സന്നദ്ധ സംഘടനകൾ ആളുകളിൽ നിന്ന് പിരിച്ചത് 20 കോടിയിലധികം രൂപയാണ്. പണം കൈമാറിയത് എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ ആനന്ദകുമാറിന്‍റെ അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി.

7000 ത്തിലധികം പേരിൽ നിന്നാണ് പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ ടൈലറിങ് മെഷീൻ എന്നിവ നൽകാമെന്ന് പറഞ്ഞ് വിവിധ സംഘടനകൾ പണം പിരിച്ചത്.

ഏഴ് രൂപ പോലും വാങ്ങിയിട്ടില്ല: കുഴൽനാടൻ

പാതി വിലയ്ക്ക് സ്കൂട്ടർ അടക്കം വാഗ്ദാനം ചെയ്ത് സിഎസ്ആർ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അനന്തു കൃഷ്ണനില്‍ നിന്ന് ഏഴു ലക്ഷം പോയിട്ട് ഏഴു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഡോ. മാത്യു കുഴൽനാടൻ‌ എംഎൽഎ.

താന്‍ പണം വാങ്ങിയെന്നൊരു മൊഴി അനന്തു നല്‍കിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട ഇടങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഒരു രൂപയെങ്കിലും വാങ്ങിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞാന്‍ ഏഴുലക്ഷം രൂപ വാങ്ങിച്ചെന്ന് തെളിയിക്കേണ്ട, സാധാരണക്കാരന്, സാമാന്യജനത്തിന് പ്രഥമദൃഷ്ട്യാ സംശയം തോന്നുന്ന സാഹചര്യങ്ങള്‍ എങ്കിലുമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് വീട്ടിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com