പുല്‍പ്പള്ളിയെ വിറപ്പിച്ച് കടുവ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

നിർദേശം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും
curfew declared in wayanad Pulpally due to tiger scare
പുല്‍പള്ളിയെ വിറപ്പിച്ച് കടുവ; നിരോധനാജ്ഞ പ്രഖ്യാപിച്ചുrepresentative image
Updated on

പുല്‍പ്പള്ളി: കടുവയുടെ ആക്രമണം തുടരുന്ന പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 8, 9, 11 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി പ്രദേശങ്ങളിലാണ് കടുവയുടെ ആക്രമണം തുടരുന്നത്. മൂന്ന് ദിവ‌സം തുടർച്ചയായി കടുവ വളർത്തുമൃഗങ്ങളെ കൊന്നതോടെ നാട്ടുകാർ ഭീതിയിലാണ്.

കടുവയെ പിടികൂടുന്നതു വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, ആളുകള്‍ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നും, രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുതെന്നും മാനന്തവാടി സബ് കലക്റ്റർ ഉത്തരവിട്ടു.

കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് അപകടകരമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്നും, നിർദേശം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

ഈ മാസം ഏഴിനാണ് അമരക്കുനിയിൽ കടുവ പ്രത്യക്ഷപ്പെട്ടത്. അമരക്കുനിയിൽ ഇടവിട്ട ദിവസങ്ങളിൽ രണ്ട് ആടുകളെ കൊന്ന കടുവ തിങ്കളാഴ്ച പുലർച്ചെ തുപ്രയിലെത്തി ആടിനെ കൊന്നശേഷം കാട്ടിൽ പതുങ്ങി. സർവസന്നാഹവുമായി മയക്കുവെടി വയ്ക്കാൻ വനപാലകർ ഒരുങ്ങുന്നതിനിടെ കടുവ എല്ലാവരെയും കബളിപ്പിച്ച് ഊട്ടിക്കവലയിലും ആടിനെ കൊന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി മുഴുവൻ കാവലിരുന്നിട്ടും വീണ്ടും കടുവ വന്നതോടെ നാട്ടുകാർ രോഷാകുലരാണ്. മയക്കുവെടി വയ്ക്കാൻ ഉത്തരവുണ്ടായിട്ടും കടുവയെ കൂട്ടിൽ കുടുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റവുമുണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com