ലഹരി വിപത്തിനു തടയിടാൻ പാഠ്യപദ്ധതി പരിഷ്കരിക്കും

രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായിക പരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം
Kerala set for curriculum change to check drugs menace
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: ലഹരി വിപത്തിന് തടയിടാൻ പുതിയ അധ്യയനവർഷം മുതൽ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ 'നാംമുന്നോട്ടി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാസലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, അധ്യാപകർക്ക് കൗൺസലിങ് പരിശീലനം, കുട്ടികൾക്ക് കായിക പരിശീലനത്തിന് അധികസമയം, രക്ഷിതാക്കൾക്ക് ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കം പുരോഗമിക്കുകയാണ്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും സാമുദായിക - സംഘടനാ നേതാക്കളുടെയും യോഗങ്ങളും ശിൽപ്പശാലയും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തി.

കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിന് അധ്യാപകരെ പരിശീലിപ്പിക്കും. പഠനസമ്മർദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങാൻ എല്ലാ ദിവസവും അവസാന പിരീഡ് സുംബ ഡാൻസ് പോലുള്ള കായികപ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളിക്കളങ്ങളുടെയും കളിക്കാനുള്ള അവസരങ്ങളുടെയും കുറവ് പഠനസമ്മർദമുണ്ടാക്കുന്നതായും ഇത്തരം കുട്ടികൾ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയേറെയാണെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു.

പരിസര ശുചീകരണവും പ്രകൃതിസംരക്ഷണവും പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും അതിലൂടെ കുട്ടികളെ ക്രിയാത്മകമായ കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിടണമെന്നും പര്യവേക്ഷകനും മാധ്യമപ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

ലഹരി തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുന്നതുകൊണ്ടാണ് സംസ്ഥാനത്തെ കണക്കുകൾ ഉയർന്നു നിൽക്കുന്നതെന്ന് മുൻ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. കൊല്ലം മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാർ, നടി സരയു എന്നിവരും സംസാരിച്ചു. ജോൺ ബ്രിട്ടാസ് എംപി മോഡറേറ്ററായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com