

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ധിഷ്ണ 2023ന്‍റെ നടത്തിപ്പിനായി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ രൂപീകരിക്കപ്പെട്ട, പ്രിന്‍സിപ്പല്‍ ചെയര്‍മാനായും അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അംഗങ്ങളായുമുള്ള സംഘാടക സമിതിയുടെ അപേക്ഷ പരിഗണിച്ച് കേരള ഹൈക്കോടതിയുടെ 20.10.2015 ലെ നിര്‍ദേശ പ്രകാരം സര്‍വകലാശാല പുറപ്പെടുവിച്ച 28.11.2015 ലെ ഉത്തരവിലെ നിബന്ധനകള്‍ക്കനുസരിച്ച് ധിഷ്ണയും അതിന്‍റെ ലോഗോ ലോഞ്ചും നടത്തുന്നതിന് 2023 ഓഗസ്റ്റില്‍ സര്‍വകലാശാല തത്വത്തില്‍ അംഗീകാരം നല്‍കുകയുണ്ടായി. ഈ നിബന്ധനകളില്‍ 12-ാമത്തേത് പുറമേ നിന്നുളള ഗാനമേളകളോ പ്രൊഫഷണല്‍ ഗാനമേളകളോ നടത്താന്‍ പാടില്ല എന്നുള്ളതാണ്. മാത്രമല്ല, അധ്യാപകരുടെ മേല്‍നോട്ടത്തിലായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്നും സര്‍വകലാശാല നിര്‍ദേശം നല്‍കിയിരുന്നു.
ധിഷ്ണ 2023 സംഘാടക സമിതി നല്‍കിയ മ്യൂസിക്ക് ഈവന്‍റിനുളള അപേക്ഷയോടൊപ്പമുണ്ടായിരുന്ന ബ്രോഷ്വറില്‍ സ്ക്കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും എന്നാണ് കാണിച്ചിരുന്നത്.
അപകടം നടന്ന ദിവസത്തിനു മുന്‍പുളള ദിവസവും (24.11.2023) അത്തരം ഒരു സംഗീത പരിപാടി ധിഷ്ണ 2023ന്‍റെ ഭാഗമായി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസില്‍ നടത്തുകയുണ്ടായി. എന്നാല്‍ മേല്പറഞ്ഞ നിബന്ധനക്ക് വിരുദ്ധമായി 25.11.2023 ന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നികിത ഗാന്ധിയെപ്പോലെ പുറമെ നിന്നുളള സെലിബ്രിറ്റികള്‍ അവതരിപ്പിക്കുന്ന വലിയ മ്യൂസിക്കല്‍ പ്രോഗാമാണ് നടക്കാന്‍ പോകുന്നത് എന്ന് സംഘാടക സമിതി സര്‍വകലാശാലയെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പ്രസ്തുത പരിപാടി നടക്കുന്നതിന്‍റെ തലേന്ന് നല്‍കിയ കത്തില്‍ പോലും പ്രിന്‍സിപ്പല്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. അപ്രകാരം ഒരറിയിപ്പ് സംഘാടകസമിതി ഔദ്യോഗികമായി സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്നെങ്കില്‍, നിലവിലുള്ള നിബന്ധനകള്‍ക്ക് വിരുദ്ധമായതിനാല്‍ അനുമതി നല്‍കുന്ന സാഹചര്യം പോലും ഉണ്ടാകുമായിരുന്നില്ല.
സാധാരണയായി കാമ്പസില്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ ചെയ്യാറുള്ളതുപോലെ സര്‍വകലാശാലയ്ക്ക് സംഘാടക സമിതി നല്‍കിയിരുന്ന പ്രോഗ്രാം നോട്ടീസ് വിവരങ്ങള്‍ സെക്യൂരിറ്റി ഓഫീസര്‍ വഴി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ സാധാരണ ഒരുക്കാറുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എല്ലാം സര്‍വകലാശാല സ്വീകരിച്ചിരുന്നു. സംഘാടക സമിതി നിയോഗിച്ച വിദ്യാര്‍ത്ഥി വോളണ്ടിയര്‍മാരാണ് ഓഡിറ്റോറിയത്തിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നത്. പൊലീസിന്‍റേയും സര്‍വകലാശാല സെക്യൂരിറ്റി വിഭാഗത്തിന്‍റേയും സാന്നിധ്യം ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.