
വിനായകൻ
കൊച്ചി: നടൻ വിനായകനെതിരേ സൈബർ ആക്രമണം. മുൻ മുഖ‍്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച‍്യുതാനന്ദന് അന്ത‍്യാഭിവാദ‍്യമർപ്പിച്ചതിനു പിന്നാലെയാണ് നടനെതിരേ സൈബർ ആക്രമണം നടക്കുന്നത്.
വിനായകൻ മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾക്ക് താഴെയാണ് അസഭ‍്യമായ രീതിയിൽ കമന്‍റുകൾ പ്രത‍്യക്ഷപ്പെട്ടത്. മുൻ മുഖ‍്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രക്കെതിരേ വിനായകൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
തന്നെ അധിക്ഷേപിക്കുന്നവരുടെ ചിത്രങ്ങൾ അടങ്ങിയ സ്ക്രീൻഷോട്ടുകൾ നടൻ തന്‍റെ ഫെയ്സ്ബുക്കിൽ പങ്കുവച്ചെങ്കിലും വിമർശനം ശക്തമായതോടെ നീക്കം ചെയ്യുകയായിരുന്നു. വിഎസിന് അന്ത‍്യാഭിവാദ‍്യം അർപ്പിച്ചുകൊണ്ട് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിനായകൻ പങ്കെടുത്തത്.
ഇല്ല ഇല്ല മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്നീ മുദ്രാവാക‍്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു വിനായകനും മറ്റ് അംഗങ്ങളും അന്ത‍്യാഭിവാദ‍്യം അർപ്പിച്ചത്.
''ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം, എന്‍റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരാണെന്ന്.''
ഇതായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരേ വിനായകൻ നടത്തിയ പരാമർശം. പരാമർശത്തിനെതിരേ വ‍്യാപക വിമർശനം ഉയർന്നതോടെ കോൺഗ്രസ് പ്രവർത്തകർ വിനായകനെതിരേ പരാതി നൽകിയെങ്കിലും ഉമ്മൻചാണ്ടിയുടെ കുടുംബം പിന്തുണച്ചില്ല. അന്ന് ഉമ്മൻ ചാണ്ടിക്കെതിരേ അധിക്ഷേപം നടത്തിയതും ഇന്ന് അച‍്യുതാനന്ദനെ അഭിവാദ‍്യം ചെയ്തതും ഇരട്ടത്താപ്പാണെന്നാണ് സമൂഹമാധ‍്യമങ്ങളിലെ വിമർശനം.