
പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം; സനൽകുമാറിനെതിരേ വീണ്ടും ഫെയ്സ് ബുക്ക് പോസ്റ്റ്
പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിൽ സൈബർ പോര് രൂക്ഷം. ആറന്മുളയുടെ ചെമ്പട എന്ന ഫെയ്സ്ബുക്ക് പേജിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ. സനൽകുമാറിനെ വിമർശിച്ചും മന്ത്രി വീണാ ജോർജിനെ പിന്തുണച്ചും പോസ്റ്റ് എത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം.
വീണയെ ഒതുക്കി ആറന്മുള സീറ്റ് നേടാൻ സനൽ കുമാർ ശ്രമിക്കുന്നു എന്ന ചെമ്പടയുടെ പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെ, കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി എന്നാണ് സനലിന്‍റെ നിലപാട് എന്ന് പുതിയ വിമർശനവും ഉയർന്നു.
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള ലക്ഷ്യമിട്ട് വീണാ ജോർജിനെയും ആരോഗ്യ മേഖലയെയും വേട്ടയാടുന്ന വർഗ വഞ്ചകനാണ് സനൽ കുമാറെന്നും പോസ്റ്റ് ചെയ്തിരിക്കുന്നു.
സംഭവത്തില്‍ സനൽ കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആറന്മുളയുടെ ചെമ്പട എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് പരാതി. അപകീർത്തികരമായ പോസ്റ്റുകളിൽ നടപടി വേണമെന്നാണ് ആവശ്യം. തിരുവല്ല ഡിവൈഎസ്പിക്ക് നൽകിയ പരാതി സൈബർ സെല്ലിനു കൈമാറി.