
ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍റെ 171 മത് ജയന്തി ആഘോഷങ്ങള്‍ ഇന്ന് ഗുരുദേവന്‍ അവതരിച്ച ചെമ്പഴന്തി വയല്‍വാരം വീട് നിലകൊള്ളുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി കൊണ്ട് പുണ്യം നിറഞ്ഞ ശിവഗിരിയിലും നാടാകെയും ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂർത്തിയായി. ശിവഗിരിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥികളാകും.
ചെമ്പഴന്തി ഗുരുകുലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30ന് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
ശിവഗിരിയില്‍ പുലര്‍ച്ചെ പര്‍ണശാല, ശാരദാ മഠം, മഹാസമാധി എന്നിവിടങ്ങളിലെ വിശേഷാല്‍ ആരാധനയ്ക്ക് ശേഷം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തും. 9.30നു ജയന്തി സമ്മേളനം കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.
ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ജയന്തി സന്ദേശവും സ്വാമി നല്‍കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എംപി, വി. ജോയ് എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
11.30ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. മേജര്‍ ഡോ. ഒമര്‍ അല്‍ മര്‍സൂഖി, ആചാര്യ സത്വിന്ദര്‍ജി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ശുഭാംഗാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. 171 നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണവും നടത്തും.
2 നു ഗുരുമൊഴി പ്രഭാഷണ പരമ്പര ആരംഭിക്കും. മാതൃസഭാ സെക്രട്ടറി ശ്രീജ ജി.ആര്‍. അധ്യക്ഷത വഹിക്കും. സഭാ പിആര്‍ഒ പ്രൊഫ. സനല്‍കുമാര്‍ 'കേരളം ഗുരുവിന് മുന്‍പും ശേഷവും' എന്ന വിഷയം അവതരിപ്പിക്കും. വൈകിട്ട് 5.30ന് ജയന്തി ഘോഷയാത്ര പുറപ്പെടും. ജയന്തി ദിനം മുതല്‍ മഹാസമാധി ദിനമായ 21 വരെ മഹാഗുരുപൂജ, മഹാശാന്തിഹവനം, വിശേഷാല്‍ ശാരദാപൂജ, അഖണ്ഡനാമജപയജ്ഞം എന്നിവയും ഉണ്ടായിരിക്കും.