തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമർദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തുമെന്നുമാണ് കണക്കുകൂട്ടൽ. പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ തൊടുന്ന ദന ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയാണ് പ്രവചിച്ചിരിക്കുന്നത്.