
സെൻഡ് ഓഫിന് ആഡംബര കാറിൽ അഭ‍്യാസ പ്രകടനം; പൊലീസെത്തി കൈയോടെ പൊക്കി
പത്തനംതിട്ട: സെൻഡ് ഓഫിന് ആഡംബര കാർ വാടകയ്ക്കെടുത്ത് അഭ‍്യാസ പ്രകടനം നടത്തിയ വിദ‍്യാർഥികളെ അധ‍്യാപകർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ‍്യാർഥികളാണ് സെൻഡ് ഓഫിന് ആഡംബര കാർ വാടകയ്ക്കെടുത്തത്. വ‍്യാഴാഴ്ചയായിരുന്നു സ്കൂളിലെ സെൻഡ് ഓഫ് ചടങ്ങ് നടന്നത്. 2000 രൂപ നൽകി കാർ ഡ്രൈവറടക്കമാണ് വാടകയ്ക്കെടുത്തത്.
തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ അഭ‍്യാസ പ്രകടനം തുടങ്ങിയപ്പോൾ തന്നെ അധ‍്യാപകർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കല‍്യാണ ആവശ‍്യങ്ങൾക്കായി വാടകയ്ക്ക് കൊടുക്കുന്ന കാറാണ് വിദ‍്യാർഥികൾ പണം നൽകി സ്കൂളിലെത്തിച്ചത്. റീൽസ് ചിത്രീകരണമാകാം വിദ‍്യാർഥികളുടെ ഉദ്ദേശമെന്ന് പൊലീസ് പറയുന്നു. സ്കൂളിൽ അതിക്രമിച്ച് കയറി വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.