മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ ഡിസിസി അംഗം അറസ്റ്റിൽ

ചെന്തി അനി എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) അംഗം അനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
DCC member arrested in case involving the blocking of the Chief Minister's convoy.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ ഡിസിസി അംഗം അറസ്റ്റിൽ

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ചെന്തി അനി എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) അംഗം അനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് ശ്രീനാരായണ ഗുരുവിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ചെമ്പഴന്തിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ചെന്തിയിൽ മറ്റൊരു ശ്രീനാരായണ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്ന സംഘം മുഖ്യമന്ത്രിയുടെ വാഹനം നിർത്താൻ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

സംഘത്തിന്‍റെ ആവശ്യപ്രകാരം സതീശൻ വാഹനത്തിൽനിന്ന് ഇറങ്ങുകയും കോൺഗ്രസ് നേതാവ് അനിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഏതാനും മിനിറ്റുകൾ സ്ഥലത്ത് ചെലവഴിച്ച ശേഷം മുഖ്യമന്ത്രി വാഹനത്തിൽ കയറി മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പട്ടികയിൽ ചെന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ പരിപാടിയുടെ സംഘാടകർ ഏതാനും മാസം മുൻപ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ടു. പരിപാടിയുടെ വേദിയിൽ എത്ര പേർക്ക് ഇരിക്കാമെന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യാഴാഴ്ച പൊലീസ് സ്ഥലത്തെത്തി നിർദേശം നൽകിയിരുന്നുവെന്നും സംഘാടകർ മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വൈകിയാണ് അനിയെ കസ്റ്റഡിയിലെടുത്ത് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഭാരതീയ ന്യായ സംഹിതയിലെ 126(2), 351(2), 132 വകുപ്പുകൾ പ്രകാരമാണ് കേസ്. നിയമവിരുദ്ധമായി തടയൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വാഹനവ്യൂഹത്തിന്‍റെ റൂട്ട് ക്ലിയറൻസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com