
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരേയാണ് അപ്പീൽ സമർപ്പിച്ചിരുന്നത്.
പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമമുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. 2024 ഒക്റ്റോബറിലാണ് നവീൻ ബാബു മരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതിൽ എഡിഎം ക്രമക്കേട് നടത്തിയെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നും അത് ആവശ‍്യമുള്ളപ്പോൾ പുറത്തുവിടുമെന്നായിരുന്നു പി.പി. ദിവ‍്യ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിൽ ആരോപിച്ചിരുന്നത്. ദിവ‍്യയുടെ ആരോപണത്തിന് പിന്നാലെയാണ് എഡിഎം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.