യുവ ഡോക്റ്ററുടെ ആത്മഹത്യ: ആരോപണ വിധേയനെ പദവിയിൽ നിന്ന് നീക്കി പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ

വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹനയുടെ ഉമ്മ വനിതാ കമ്മിഷനോട് പറഞ്ഞു.
ഡോക്റ്റർ  ഷഹന
ഡോക്റ്റർ ഷഹന
Updated on

തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ പിജി ഡോക്റ്ററായിരുന്ന ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പിജി ഡോക്റ്റർ ഇ.എ. റുവൈസിനെ പ്രസിഡന്‍റ് പദത്തിൽ നിന്ന് നീക്കി പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ. വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച ഡോക്റ്ററുടെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി ഷഹ്നയുടെ ഉമ്മ വനിതാ കമ്മിഷനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വനിതാകമ്മിഷൻ അധ്യക്ഷ അഡ്വ.പി. സതീദേവിയുടെ നേതൃത്വത്തിൽ മരണപ്പെട്ട ഡോക്റ്ററുടെ വീട് സന്ദർശിച്ചപ്പോഴാണ് മാതാവ്, സഹോദരന്‍ എന്നിവർ മൊഴി നൽകിയത്. സംഭവത്തിൽ ന്യൂനപക്ഷ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഷഹനയുടെ ഉമ്മയുടെ മൊഴി മെഡിക്കൽ കോളെജ് പൊലീസ് ഉടനെ രേഖപ്പെടുത്തുമെന്നും, കമ്മിഷനോട് പറഞ്ഞ കാര്യങ്ങൾ പൊലീസിനു മൊഴിയായി നൽകിയാൽ കേസുമായി മുന്നോട്ടു പോകാനാകുമെന്നും വെഞ്ഞാറമൂട്ടിലെ വീടു സന്ദർശിച്ചശേഷം കമ്മിഷൻ അധികൃതർ വ്യക്തമാക്കി.

സഹോദരന്‍റെ മൊഴി മാത്രമാണ് നിലവിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. പിജി അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റും തിരുവനന്തപുരം മെഡിക്കൽ കോളെജിൽ സീനിയറുമായ മലപ്പുറം സ്വദേശിയുമായ റുവൈസിന്‍റെ വിവാഹാലോചന വരുന്നത് മാസങ്ങൾക്കു മുൻപാണ്. ഒരേ മേഖല ആയതിനാൽ ഷഹനയ്ക്കും താൽപര്യം ഉണ്ടായിരുന്നു.

ഇരുവരും തമ്മിൽ അടുപ്പത്തിലായി. വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹനയുടെ ഉമ്മ വനിതാ കമ്മിഷനോട് പറഞ്ഞു.

കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തിൽ വരന്‍റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായി. വിവാഹം മുടങ്ങിയതോടെ കോളെജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ വിഷമത്തിലായിരുന്നു ഷഹന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com