

കേരള സർക്കാർ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്ന ഹെലികോപ്റ്റർ
File photo
കണ്ണൂർ: സംസ്ഥാന സർക്കാരിന്‍റെ വാടക ഹെലികോപ്റ്റർ സേവനത്തിന്‍റെ കരാർ പുതുക്കുന്നതിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. ഹെലികോപ്റ്ററിന്‍റെ കരാർ കാലാവധി ശനിയാഴ്ച അവസാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് പുതുക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അനിൽകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ""നാളെ അവസാന തീയതിയാണ്. അതിന് മുൻപ് തീരുമാനമെടുക്കും. നിലവിലെ കരാർ മുൻ സർക്കാരിന്‍റെ കാലത്താണ് ഉണ്ടാക്കിയത്. ഇത് തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും''- അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരിന്‍റെ കാലത്ത് ഉയർന്ന വിമർശനങ്ങളെക്കുറിച്ച് കോൺഗ്രസിനും യുഡിഎഫിനും അറിയാമെന്നും മന്ത്രി പറഞ്ഞു. ഇത് ആവശ്യമാണോ അല്ലയോ എന്ന് തങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി ആസ്ഥാനമായ കമ്പനിയിൽ നിന്നാണ് സംസ്ഥാന സർക്കാർ നിലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. ഓരോ മാസവും പരമാവധി 25 മണിക്കൂർ പറക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നുണ്ട്. മുൻ സർക്കാരിന്‍റെ കാലത്താണ് കരാർ ഒപ്പിട്ടത്. സെപ്റ്റംബർ 19ന് കരാർ കാലാവധി അവസാനിക്കും.
പ്രതിപക്ഷത്തായിരുന്ന സമയത്ത് ഹെലികോപ്റ്ററിനായി പണം ചെലവഴിക്കുന്നത് അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ്, കോൺഗ്രസ് നേതാക്കൾ അന്നത്തെ സർക്കാരിനെ വിമർശിച്ചിരുന്നു. ഹെലികോപ്റ്റർ കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ശുപാർശ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. കരാർ പുതുക്കിയാൽ 2028 വരെ നിലവിലെ ചെലവിൽ ഹെലികോപ്റ്റർ സേവനം ലഭ്യമാകുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ യാത്ര, അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള അവയവങ്ങൾ അടിയന്തരമായി കൊണ്ടുപോകൽ, തെരച്ചിൽ ദൗത്യങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്.