Decision to revise dependent appointment conditions

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാൻ തീരുമാനം

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാൻ തീരുമാനം

ജീവനക്കാരൻ മരിക്കുന്ന തീയതിയിൽ 13 വയസോ അതിനു മുകളിലോ പ്രായമുള്ള ആശ്രിതർക്കാണ് നിയമനം ലഭിക്കുക.
Published on

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. ആശ്രിത നിയമനങ്ങൾ വൈകുന്നത് പരിഗണിച്ചാണ് തീരുമാനം. ജീവനക്കാരൻ മരിക്കുന്ന തീയതിയിൽ 13 വയസോ അതിനു മുകളിലോ പ്രായമുള്ള ആശ്രിതർക്കാണ് നിയമനം ലഭിക്കുക.

മരിച്ചത് വിവാഹം കഴിഞ്ഞ ജീവനക്കാരനോ ജീവനക്കാരിയോ ആണെങ്കിൽ വിധവ, വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ, മകൾ എന്നിങ്ങനെയും അവിവാഹിതരാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതയായ സഹോദരി, സഹോദരൻ എന്നിങ്ങനെയും മുൻഗണനാ ക്രമത്തിൽ ആശ്രിത നിയമനം ലഭിക്കും.

വിവാഹിതരായ മകൻ, മകൾ എന്നിവർ വിവാഹശേഷവും അവർ മരിച്ച ഉദ്യോഗസ്ഥന്‍റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റും ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കണം. വിധവ, വിഭാര്യൻ എന്നിവർ ഒഴികെയുള്ള ആശ്രിതർ വിധവയുടെയോ വിഭാര്യന്‍റെയോ സമ്മതപത്രം സമർപ്പിക്കണം.

തർക്കമുണ്ടായാൽ വിധവയോ വിഭാര്യനോ നിർദേശിക്കുന്ന ആളിന് ആശ്രിത നിയമനം നൽകും. വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരിക്കുന്ന സാഹചര്യത്തിൽ മകൻ, മകൾ, ദത്തുപുത്രൻ, പുത്രി, അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നിവർക്ക് നിയമനം ലഭിക്കും. നിയമപരമായി വേർപിരിഞ്ഞ് പുനർവിവാഹം ചെയ്ത ജീവനക്കാരനോ ജീവനക്കാരിയോ മരിച്ചാൽ അവരുടെ ആദ്യബന്ധത്തിലുണ്ടായ കുഞ്ഞുങ്ങൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ട്.

ആശ്രിതൻ 18 വയസോ അതിനു മുകളിലോ ഉളളയാളാണെങ്കിൽ ജീവനക്കാരൻ മരിച്ച തീയതി മുതൽ മൂന്നു വർഷത്തിനകവും പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ 18 വയസ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷ സമർപ്പിക്കണം.

വിധവ, വിഭാര്യൻ എന്നിവരുടെ നിയമനക്കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സർക്കാർ ജീവനക്കാരന്‍റെ പിതാവ്/മാതാവ് എന്നിവരുടെ കാര്യത്തിലും പാർട്ട്ടൈം കണ്ടിജന്‍റ് തസ്തികയിലെ നിയമനത്തിലും മുനിസിപ്പൽ സർവീസിലെ ഫുൾടൈം കണ്ടിജന്‍റ് തസ്തികയിലെ നിയമനത്തിലും പ്രായപരിധി ബാധകമല്ല.

logo
Metro Vaartha
www.metrovaartha.com