കരട് തീരദേശ പ്ലാന്‍: കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനം

കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതാണ് ഈ കരട്
Decision to submit Draft Coastal Plan for approval of the Centre
കരട് തീരദേശ പ്ലാന്‍: കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനംFile
Updated on

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കരട് തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമാണ് ഈ കരട്.

സിആര്‍ഇസഡ് 3 ല്‍ നിന്നും സിആര്‍ഇസഡ് 2 ലേക്ക് തരം മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളില്‍ 66 പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആര്‍ഇസഡ് 2 കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. താരതമ്യേന നിയന്ത്രണങ്ങള്‍ കുറഞ്ഞ ഭാഗമാണ് സിആര്‍ഇസഡ് 2. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉളളതിനാല്‍ അത്തരം പ്രദേശങ്ങളില്‍ സിആര്‍ഇസഡ് 3 ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.

പ്രധാനമായും 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ഉളള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങള്‍ കൂടെ പരിഗണിച്ച് സിആര്‍ഇസഡ് 3 എ എന്ന വിഭാഗത്തിലും അതില്‍ കുറഞ്ഞ ജനസംഖ്യയുളള പ്രദേശങ്ങളെ സിആര്‍ഇസഡ് 3 ബി വിഭാഗത്തിലും ഉള്‍പ്പെടുത്തി. സിആര്‍ഇസഡ് 3 എ പ്രകാരം കടലിന്‍റെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ വരെ വികസനരഹിത മേഖലയായി കുറച്ചിട്ടുണ്ട്. മുന്‍പ് ഇത് 200 മീറ്റര്‍ വരെ ആയിരുന്നു. എന്നാല്‍ സിആര്‍ഇസഡ് 3 ബി യില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ വരെ വികസന രഹിത മേഖലയായി തുടരും. ഉള്‍നാടന്‍ ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തില്‍ 50 മീറ്റര്‍ വരെയോ ജലാശയത്തിന്‍റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല ബാധകമല്ല.

Trending

No stories found.

Latest News

No stories found.