
കട്ടപ്പന: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ടുകൾ. നിലവിലത്തെ അവസ്ഥയിൽ രണ്ടു മാസത്തേക്കുള്ള വൈദ്യുതി നിർമിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിൽ അവശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2354.4 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലുള്ള ജലനിരപ്പ്.
വേനലിന്‍റെ തുടക്കത്തിൽ തന്നെ ജലനിരപ്പിൽ ഇത്രയധികം കുറവുണ്ടായത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷം 71 ശതമാനം ജലമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം വെറും 49 ശതമാനം മാത്രമാണ് വെള്ളം ഉള്ളത്. തുലാമഴ ലഭിക്കാത്തത് തിരിച്ചടിയായെന്നും റിപ്പോർട്ടുകളുണ്ട്.
അണക്കെട്ടിലെ വെള്ളം 2100 അടിയിലെത്തിയാൽ വൈദ്യുതി ഉൽപാദനം നിലക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. അങ്ങനെ വന്നാൽ ഒരു മാസത്തിനുള്ളിൽ വൈദ്യുതി ഉൽപ്പാദനം പൂർണമായും നിർത്തേണ്ട അവസ്ഥയാകുമോ എന്ന ആശങ്കയിലാണ് അധികൃതർ.