വെളിപ്പെടുത്തൽ വിനയായി, ദീപ്തി മേരി വർഗീസ് ഒറ്റപ്പെടുന്നു

യുഡിഎഫ് സ്‌ഥാനാർഥിക്ക് ദീപ്തി വോട്ട് ചെയ്തില്ലെന്നും ഇതിന്‍റെ തെളിവായി വിവിപാറ്റ്‌ മെഷീനിൽ വന്ന സ്ലിപ്പ് ദീപ്തി തനിക്ക് വാട്‍സ് ആപ്പ് സന്ദേശമയച്ചുവെന്നും നന്ദകുമാർ
ദീപ്തി മേരി വർഗീസ്
ദീപ്തി മേരി വർഗീസ്

കൊച്ചി: കോൺഗ്രസ് വിടാൻ സിപിഎം നേതാക്കൾ സമീപിച്ചെന്നും ദല്ലാൾ നന്ദകുമാർ ചർച്ച നടത്തിയെന്നുമുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്‍റെ വെളിപ്പെടുത്തലിൽ പുതിയ വഴിത്തിരിവ്. എല്‍ഡിഎഫ് കൺവീനർ ഇ.പി. ജയരാജനും വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാറും സിപിഎമ്മിലേക്ക് ക്ഷണിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ദീപ്തി വെളിപ്പെടുത്തിയത്.

പത്മജയുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ ചർച്ച നടത്തിയെന്നും ദല്ലാൾ നന്ദകുമാർ ഇടനിലക്കാരനായി എന്നുമുള്ള വാർത്ത രാഷ്‌ട്രീയ കേരളം ഏറെ ചർച്ച ചെയ്തതിന് പിന്നാലെയാണ് ദീപ്തിയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു ദീപ്തിയുടെ വാദം. എന്നാൽ, ദീപ്തി മേരി വര്‍ഗീസിന്‍റെ വാദം തള്ളി ടി.ജി.നന്ദകുമാര്‍ രംഗത്തെത്തി. താന്‍ ദീപ്തിയെ വിളിച്ചത് തൃക്കാക്കര സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷമാണ്. ഇതിനുശേഷം ദീപ്തി ഇ.പി. ജയരാജനെ കണ്ടുവെന്നും നന്ദകുമാർ പറഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ദീപ്തിയും തള്ളി.

ഇതോടെയാണ് ദല്ലാൾ നന്ദകുമാർ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥിക്ക് ദീപ്തി വോട്ട് ചെയ്തില്ലെന്നും ഇതിന്‍റെ തെളിവായി വിവിപാറ്റ്‌ മെഷീനിൽ വന്ന സ്ലിപ്പ് ദീപ്തി തനിക്ക് വാട്‍സ് ആപ്പ് സന്ദേശമയച്ചുവെന്നും നന്ദകുമാർ അവകാശപ്പെട്ടു. ദീപ്തി മേരി വർഗീസ് തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് മറിച്ചെന്നും നന്ദകുമാർ ആരോപിച്ചു. ആരോപണം ദീപ്തി തള്ളിക്കളഞ്ഞാൽ തെളിവുകൾ പുറത്തുവിടുമെന്നും നന്ദകുമാർ വെല്ലുവിളിച്ചിട്ടുണ്ട്.

എന്നാൽ, നന്ദകുമാറിന്‍റെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് തൃക്കാക്കരയിലെ പാർട്ടി പ്രവർത്തകർ. തൃക്കാക്കരയിൽ സ്‌ഥാനാർഥിയാകാൻ ദീപ്തി ആഗ്രഹിച്ചിരുന്നുവെന്നും, സാധിക്കാതെ വന്നപ്പോൾ പ്രവർത്തനത്തിൽ ആത്മാർഥതയുണ്ടായിരുന്നില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അന്ന് തന്നെ പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചിരുന്നതായും പ്രാദേശിക നേതാക്കൾ പറയുന്നു.

ദീപ്തിയെ തത്കാലം ന്യായീകരിക്കേണ്ട എന്നാണ് കെപിസിസി നേതൃത്വത്തിന്‍റെയും നിലപാടെന്നറിയുന്നു. നേതൃത്വത്തിനും ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉള്ളതായാണ് സൂചന. പത്മജയുമായി ഇ.പി. ജയരാജൻ ചർച്ച നടത്തിയ വാർത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെ ദീപ്തി രംഗത്ത് വന്നതിൽ അസ്വാഭാവികത ഉണ്ടെന്ന് തന്നെയാണ് കോൺഗ്രസ് നേതാക്കളുടെ സംശയം. എന്നാൽ, തത്കാലം മൗനം പാലിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. മറ്റൊരു വനിതാ നേതാവ് കൂടി പാർട്ടി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതാകും തത്കാലത്തേക്ക് നല്ലതെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. കൊച്ചിയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ വേദിയിൽ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നിട്ടും പ്രസംഗിച്ച ഒരു നേതാവ് പോലും ദീപ്തിയുടെ പേര് പറയാൻ തയാറായില്ല. പ്രതിപക്ഷ നേതാവും ദീപ്തിയെ കാര്യമായി ഗൗനിച്ചില്ല.

തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളിൽ എത്രത്തോളം കഴമ്പുണ്ടെന്ന് നേതൃത്വത്തിന് അറിയാമെന്നും നേതൃത്വത്തിന് തന്നെ വിശ്വാസമുണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. നന്ദകുമാറിന്‍റെ എല്ലാ ആരോപണങ്ങളോടും തനിക്ക് മറുപടി പറയാൻ താത്പര്യമില്ല. ഇത്തരത്തിൽ ആരോപണങ്ങളുന്നയിച്ച് ഹരാസ് ചെയ്യാനാണ് ശ്രമിക്കുന്നതെങ്കിൽ തുടർ നടപടികളെക്കുറിച്ച് പാർട്ടി നേതൃത്വവുമായി ആലോചിക്കേണ്ടി വരും. എ.ഐ.സി.സി അംഗമായ എനിക്ക് ഇക്കാര്യത്തിൽ തനിച്ചൊരു തീരുമാനമില്ലെന്നും പാർട്ടി നേതൃത്വവുമായി ആലോചിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും ദീപ്തി പറഞ്ഞു.

Trending

No stories found.

Latest News

No stories found.