
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കെപിസിസി ആസ്ഥാനത്ത് ചേരും. 13ന് നടത്താൻ നിശ്ചയിച്ച ശേഷം മാറ്റിവച്ച യോഗമാണ് ഹൈക്കമാൻഡിന്‍റെ ഇടപെടലിനെത്തുടർന്ന് നടത്തുന്നത്.
കഴിഞ്ഞ ദിവസം നടത്തേണ്ട യോഗത്തിനായി മറ്റ് തിരക്കുകൾ മാറ്റിവച്ച് തിരുവനന്തപുരത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപദാസ് മുൻഷിയും മടങ്ങേണ്ടിവന്നത് ഇരുവരെയും ക്ഷുഭിതരാക്കിയിരുന്നു.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള ഭിന്നത അതിരുവിടുന്നുവെന്ന അഭിപ്രായം മുതിർന്ന നേതാക്കളിൽ പലർക്കുമുണ്ട്.
സുധാകരനുമായും സതീശനുമായും ഹൈക്കമാൻഡ് ആശയവിനിമയം നടത്തി. രാഷ്ട്രീയ കാര്യ സമിതി മാറ്റിവച്ചതിലെ അതൃപ്തി ഇരുവരെയും അറിയിച്ചു. ഇതേത്തുടർന്നാണ് തിടുക്കപ്പെട്ട് യോഗം വിളിച്ചത്.