"ഫാംഡി'ക്ക് ഡിമാൻഡ്, മുഖം തിരിച്ച് സർക്കാർ

തിരുവനന്തപുരം ഗവ. ഫാർമസി കോളെജിൽ മൂന്നു പതിറ്റാണ്ട് മുമ്പ് ഫാംഡി പിജി കോഴ്സായി തുടങ്ങാൻ ശുപാർശയുണ്ടായിരുന്നു
pharm d
pharm d

#എം.ബി. സന്തോഷ്

തിരുവനന്തപുരം: ലോകത്തെമ്പാടും ഫാർമസി രജിസ്ട്രേഷന് ഫാംഡി (ഡോക്റ്റർ ഓഫ് ഫാർമസി) അടിസ്ഥാന യോഗ്യതയാവുമ്പോൾ അതിനോട് മുഖം തിരിച്ച് കേരളത്തിലെ സർക്കാർ മേഖല.

അമെരിക്കയിൽ 1992ൽ ഫാംഡി അടിസ്ഥാന ഫാർമസി യോഗ്യതയായതോടെ കാനഡ, ബ്രിട്ടൻ മുതൽ അറബ് രാജ്യങ്ങൾ ഉൾപ്പെടെ ഫാർമസി രജിസ്ട്രേഷന് ഫാംഡി യോഗ്യത എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ, കേരളത്തിലെ സർക്കാർ ഫാർമസി കോളെജുകളിൽ എൻട്രൻസിലൂടെ പ്രവേശനം നേടി ബിഫാം, എംഫാം എന്നീ ബിരുദ, പിജി യോഗ്യതയുള്ളവർക്കുപോലും വിദേശത്ത് അവസരങ്ങൾ നഷ്ടമാവുകയാണ്.

തിരുവനന്തപുരം ഗവ. ഫാർമസി കോളെജിൽ മൂന്നു പതിറ്റാണ്ട് മുമ്പ് ഫാംഡി പിജി കോഴ്സായി തുടങ്ങാൻ ശുപാർശയുണ്ടായിരുന്നു. പിൽക്കാലത്ത് കണ്ണൂർ സർവകലാശാലാ വിസിയായ ഡോ. പി.കെ. രാജൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായിരിക്കേ ഇതിനായി വലിയ ശ്രമങ്ങൾ നടത്തി. എന്നാൽ, അന്ന് സർക്കാർ ഫാർമസി കോളെജുകളിലെ ഒരുവിഭാഗം അതിനെതിരായിരുന്നത് തടസമായി.

വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് 3 സ്വകാര്യ ഫാർമസി കോളെജുകളിൽ ഫാംഡി ആരംഭിക്കാനുള്ള സമ്മർദമുണ്ടായിരുന്നു. പി.കെ. ശ്രീമതിയായിരുന്നു അന്ന് ആരോഗ്യമന്ത്രി. സർക്കാർ കോളെജുകളിൽ കൂടി ഫാംഡി ആരംഭിക്കണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആ കോളെജുകൾക്ക് ഫാംഡി അനുമതി നൽകിയത്. അതും സർക്കാർ കോളെജ് അധ്യാപകരുടെ എതിർപ്പിൽ തട്ടി മുടങ്ങി. അവർക്ക് ഫാംഡി ഇല്ലാത്തതിനാൽ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു കാരണം. കണ്ണൂർ ഫാർമസി കോളെജിൽ ഫാംഡി തുടങ്ങിയെങ്കിലും പിന്നീട് കോളെജ് സർക്കാർ ഏറ്റെടുത്തതോടെ ഏറ്റവും ഡിമാന്‍റുള്ള ഫാംഡി കോഴ്സ് പൂട്ടിക്കെട്ടി.

ഡിഫാം (ഡിപ്ളോമ ഇൻ ഫാർമസി) അവസാനിപ്പിക്കാൻ വർഷങ്ങൾക്ക് മുമ്പ് ഫാർമസി കൗൺസിൽ നിർദേശിച്ചിരുന്നു. ഇന്ത്യയൊഴികെ മറ്റൊരിടത്തും ഈ കോഴ്സ് നിലവിലില്ല. വിദ്യാഭ്യാസ കാര്യത്തിൽ തീർത്തും അവികസിതമായ പാകിസ്ഥാനിൽ പോലും ഫാംഡിയാണ് ഫാർമസി രജിസ്ട്രേഷന്‍റെ അടിസ്ഥാന യോഗ്യത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com