സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

മാളികപ്പുറം മേൽശാന്തി 46.51 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേിച്ചു
Deposits worth crores in banks in Sannidhanam

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം

Updated on

കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ കഴിഞ്ഞ മണ്ഡലകാലത്ത് വൻതോതിൽ പണം നിക്ഷേപിച്ചതായി കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സന്നിധാനത്തെ എസ്ബിഐ ശാഖയിൽ എട്ട് കോടിയിലധികം രൂപയുടെയും ധനലക്ഷ്മി ബാങ്കിൽ 11 കോടിയുടെയും നിക്ഷേപം നടന്നിട്ടുണ്ട്.

ഇതിൽ മാളികപ്പുറം മേൽശാന്തി മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് 46.51 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് വിവരം. ദേവസ്വം ബോർഡ് നൽകുന്ന ശമ്പളവും ദക്ഷിണയും പരിഗണിക്കുമ്പോൾ ഇത്രയും വലിയ തുക അക്കൗണ്ടിൽ എത്തുന്നത് അസാധാരണ നടപടിയാണെന്നാണ് വിജിലൻസിന്‍റെ നിരീക്ഷണം.

ആടിയശിഷ്ടം നെയ്യ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുള്ള മേൽശാന്തിമാരും കീഴ് ശാന്തിമാരും ഇത്തരം വൻ തുക നിക്ഷേപിച്ചതായാണ് വിവരം. ഉന്നത ഉദ്യോഗസ്ഥർ മുതൽ സ്ഥിരം ജീവനക്കാരും ദിവസ വേതനക്കാരും വരെ ലക്ഷകണക്കിന് രൂപ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. സന്നിധാനത്തെ ബാങ്ക് വിവരങ്ങൾ നൽകാൻ‌ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. ഇത്രയും വലിയ കൊള്ള നടക്കുമ്പോൾ സന്നിധാനത്തെ ശുചീകരണ തൊഴിലാളികൾക്ക് കൃത്യമായ വേതനം നൽകിയിരുന്നില്ലെന്ന ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതി നേരിട്ട് ഇടപെടണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com